വിഷു സ്പെഷ്യല്‍ (അടുക്കള)

മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്.

വിഷുക്കട്ട
പച്ചരി -അര കിലോ
രണ്ടു തേങ്ങ ചിരകിയത്
ജീരകം – ഒരു ചെറിയ സ്പൂണ്‍
ഉപ്പ്
അണ്ടിപ്പരിപ്പ്, മുന്തിരി
നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.

മാമ്പഴപ്പുളിശേരി
മൂവാണ്ടന്‍ മാമ്പഴം – 15 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ്
തേങ്ങ ചിരകിയത് -രണ്ട് കപ്പ്
മുളകു പൊടി -രണ്ടു ചെറിയ സ്പൂണ്‍
പച്ചമുളക് – നാല്
തൈര് -മൂന്ന് കപ്പ്
കുരുമുളക് പൊടി – ഒരു ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ -ഒരു ചെറിയ സ്പൂണ്‍
കടുക് -ഒരു ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് -നാല്
കറിവേപ്പില

തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലികളഞ്ഞ് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങ, മുളക് പൊടി, എന്നിവ ചേര്‍ത്ത് നന്നായി അരച്ച് പച്ചമുളക് കീറിയതും ചേര്‍ത്ത് വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക. കറി തിളച്ച് അരപ്പും കഷണങ്ങളുമായി യോജിച്ചാല്‍ തൈരൊഴിച്ച് കുരുമുളക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് പതഞ്ഞാല്‍ ഉടന്‍ വാങ്ങുക. വെളിച്ചെണ്ണ ചൂടാക്കി ചെറിയ ചൂടില്‍ വേവിക്കുക.

കാളന്‍
തൈര്- നാല് കപ്പ്
ചേന കാല്‍കിലോ- ചെറിയ കഷ്ണങ്ങളാക്കിയത്
ഏത്തപ്പഴം- ഒരെണ്ണം ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് -അഞ്ചെണ്ണം
തേങ്ങ- ഒരെണ്ണം
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ് പാകത്തിന്
കടുക് – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – രണ്ടെണ്ണം
ഉലുവ – അര സ്പൂണ്‍

പാകം ചെയ്യുന്ന വിധം
ചേന, ഏത്തപ്പഴം, പച്ചമുളക്, എന്നിവ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ വേവിക്കുക. അധികം വെള്ളം ചേര്‍ക്കാതെ തേങ്ങ ജീരകവും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കുക. അരപ്പ് നന്നായി തിളക്കുമ്പോള്‍ അതിലേക്കു തൈര് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക്, ഒരു നുള്ള് ജീരകം, ഉലുവ, രണ്ട് വറ്റല്‍ മുളക് , കറിവേപ്പില എന്നിവ ഇട്ട് താളിക്കുക. ഇത് കറിയിലേയ്ക്കു ചേര്‍ക്കുക.

ചക്കത്തോരന്‍
ഇടിച്ചക്ക- ഒരു കിലോ
മുളകു പൊടി – 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍, ഉപ്പ്
ഒരു തേങ്ങ ചിരകിയത്
വെളിച്ചെണ്ണ -മൂന്ന് വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
മുളകു പൊടി , മഞ്ഞള്‍പ്പൊടി, രണ്ട് കപ്പ് വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചക്ക നന്നായി വേവിക്കുക. ഒരുമുറി തേങ്ങ ചിരകിയതില് ജീരകം ചേര്‍ത്തു തരുതരുപ്പായി അരച്ച് ഇതില്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക . എണ്ണ നന്നായി ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. ഇതില്‍ വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക.

Print Friendly, PDF & Email

Leave a Comment

More News