ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിൽ നിന്നായി 3,000 കിലോ ഹെറോയിൻ അടുത്തിടെ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഈയാഴ്ച അല്ലെങ്കിൽ അടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നിന്ന് കള്ളക്കടത്തായി ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് എത്തിച്ച 3000 കിലോ ഹെറോയിൻ സെപ്റ്റംബർ 13, 15 തീയതികൾക്കിടയിലാണ് ഗുജറാത്തിലേക്കു അയച്ചതെന്നാണ് വിവരം. പിടികൂടിയ രേഖകൾ പ്രകാരം വിജയവാഡയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആഷി ട്രേഡിംഗ് കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയിരിക്കുന്നത്. അന്തർ ദേശീയ തലത്തിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയിരിക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് ഏഴു കോടി രൂപ വില മതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഹെറോയിനാണ് മുന്ദ്രയിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശികളായ ദമ്പതിമാർ, രണ്ടു അഫ്ഗാൻ സ്വദേശികൾ എന്നിവർ അറസ്റിലായിട്ടുണ്ട്. വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ഷെൽ കമ്പനി വഴിയാണ് മയക്കുമരുന്ന് ഇറക്കുമതി നടന്നിട്ടുള്ളത്. സെമി പ്രോസെസ്സഡ് അഫ്ഗാൻ ടാൽക് എന്ന പേരിലാണ് മയക്കുമരുന്ന് ഇറക്കുമതി ചെയ്തത്. ഇന്ത്യയിൽ ഇതുവരെ പിടികൂടിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
മയക്കു മരുന്ന് ഇറക്കുമതിയ്ക്കായി ഷെൽ കമ്പനി രൂപീകരിച്ച് നടത്തിയിട്ടുള്ള കള്ളപ്പണം വെളുപ്പിക്കലാണ് ഇ ഡി അന്വേഷണത്തിന്റെ പരിധിയിൽ വരിക. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കാര്യങ്ങളിൽ വർദ്ധനവുണ്ടാകുമെന്നു വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഫ്ഗാൻ ടാൽക്കിന്റെ ഇറക്കുമതി 2015 ൽ അന്നത്തെ അഫ്ഗാൻ സർക്കാർ നിരോധിച്ചിരുന്നു. താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രൊവിൻസ് (ISKP ) ക്കും പണം ലഭിക്കുന്നതില്‍ ഒരു മാർഗ്ഗം ടാൽക് ആയിരുന്നു.
എന്താണ് അഫ്ഗാൻ ടാൽക്
ചെമ്പ്, സ്വർണം, എണ്ണ, പ്രകൃതിവാതകം, യുറേനിയം, ബോക്സൈറ്റ്, കൽക്കരി, ഇരുമ്പ് അയിര്, ലിഥിയം, ക്രോമിയം, ഈയം, സിങ്ക്, രത്നക്കല്ലുകൾ, ടാൽക്ക്, സൾഫർ, ട്രാവെർട്ടൈൻ, ജിപ്സം, മാർബിൾ തുടങ്ങിയ വിഭവങ്ങളാൽ സമ്പന്നമാണ് അഫ്ഗാനിസ്ഥാൻ.
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ, അഴിമതിക്കാരായ പവർ ബ്രോക്കർമാർ എന്നിവർ നിയമവിരുദ്ധവും ദുരുപയോഗം ചെയ്യുന്നതുമായ ടാൽക്ക് ഖനനത്തിൽ നിന്ന് ലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുന്നുണ്ടെന്നും അതിൽ 80 ശതമാനവും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിയമവിരുദ്ധമായ ടാൽക്ക് ഖനനത്തിൽ നിന്നുള്ള വരുമാനം കലാപ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും അഴിമതിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലെ നാന്ഗർഹാർ, കാണ്ഡഹാർ, കാബൂൾ വാർഡാക്, ലോഗർ, കുനാർ, ഖോസ്ട്, കപിസ, പർവൻ പ്രവിശ്യകളിൽ ടാൽക് ഖനികളുണ്ട്. നാന്ഗർഹാറിലാണ് ഏറ്റവും വലിയ ടാൽക് ഖനി പ്രവർത്തിക്കുന്നത്. 37 ടാൽക് പ്രോസസ്സിംഗ് കമ്പനികളാണ് നനഗർഹാറിൽ പ്രവർത്തിക്കുന്നത്. നിരവധി ഉൽപ്പന്നങ്ങളിൽ അസംസ്കൃത വസ്തുവാണ് ടാൽക്. പേപ്പർ നിർമ്മാണം, പ്ലാസ്റ്റിക്, പെയിന്റ്, ഇലക്ട്രിക്ക് കേബിൾ, മരുന്നുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, ബേബി പൌഡർ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും ടാൽക് ആവശ്യമാണ്. ഇന്ത്യ, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കസാഖ്സ്താൻ, ഉസ്ബെക്കിസ്ഥാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് പ്രധാനമായും അഫ്ഗാൻ ടാൽക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ .
സെപ്റ്റംബർ 16, 17 തീയതികളിലാണ് ഡിആർഐ കാണ്ഡഹാർ ആസ്ഥാനമായുള്ള കമ്പനി കയറ്റുമതി ചെയ്ത രണ്ട് കണ്ടെയ്നറുകളിൽ തിരച്ചിൽ നടത്തിയത്. പ്രത്യേക ഇന്റലിജൻസ് ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ ഒരു കണ്ടെയ്നറിൽ രണ്ട് ബാഗുകളിലായി 1,999.58 കിലോഗ്രാം ഹെറോയിനും മറ്റൊരു ബാഗിൽ 988.64 കിലോഗ്രാം ഹെറോയിനും കണ്ടെത്തി. സെക്യൂരിറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇവ ടാൽക്കിന് ഇടയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു.
ഗാന്ധി നഗർ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) ൽ നിന്നുള്ള വിദഗ്ദ്ധർ ഈ വസ്തു പരിശോധിക്കുകയും അഫ്ഗാനിസ്ഥാനിൽ നിന്ന് ഉത്ഭവിച്ചേക്കാവുന്ന “വളരെ ഉയർന്ന നിലവാരമുള്ള” ഹെറോയിൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ ഒരു കിലോയ്ക്ക് 7 കോടി രൂപയാണ് ഹെറോയിന്റെ മൂല്യം എന്നാണ് അധികൃതർ കണക്കാക്കുന്നത്, ഇത് ഇന്ത്യയിലെ എക്കാലത്തെയും വലിയ പിടിച്ചെടുക്കലാണ്.
ഇത്രയും വിപുലമായ മയക്കുമരുന്നു വേട്ടയെത്തുടര്‍ന്ന് ഡൽഹി, അഹമ്മദാബാദ്, ഗാന്ധിധാം, ആന്ധ്രയിലെ ഏതാനും സ്ഥലങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഡി ആര് ഐ തിരച്ചിൽ നടത്തി.