ധാക്ക: രാജ്യത്തുടനീളം വർഗീയ കലാപത്തിന് കാരണമായ കോമിലയിലെ ദുർഗാപൂജ പന്തലിൽ ഖുറാൻ കൊണ്ടുവെച്ചതിന് ഉത്തരവാദിയായ വ്യക്തിയെ ബംഗ്ലാദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. രാത്രി 10.10 ഓടെ കോക്സ് ബസാറിലെ സുഗന്ധ ബീച്ച് പരിസരത്ത് നിന്നാണ് ഇക്ബാൽ ഹൊസന്‍ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് കോമില എസ്പി ഫാറൂക്ക് അഹമ്മദ് പറഞ്ഞു.
തുടർച്ചയായ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് ഹൊസനാണ് മുഖ്യപ്രതി എന്ന് പോലീസ് തിരിച്ചറിഞ്ഞത്.
അതേസമയം, ഹൊസന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും ആരെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥ മുതലെടുത്ത് ഖുർആൻ കൊണ്ടുവെക്കാന്‍ പ്രേരിപ്പിച്ചതായിരിക്കാമെന്ന് കുടുംബം അവകാശപ്പെടുന്നു.
ഒക്ടോബർ 13 -നാണ് പ്രദേശവാസികൾ ക്ഷേത്രത്തിൽ ഖുറാൻ കണ്ടെത്തിയത്. അത് സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു വിഭാഗം പ്രദേശവാസികൾക്കിടയിൽ സംഘർഷം ഉടലെടുക്കുകയും ഒരു ഘട്ടത്തിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുകയും കലാപം സമീപ പ്രദേശങ്ങളിലെ നിരവധി പൂജാമണ്ഡപങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സംഘർഷാവസ്ഥ ഉയർന്നു. നഗരത്തിലെ നിരവധി ക്ഷേത്രങ്ങളും പൂജാ വേദികളും ആക്രമിക്കപ്പെട്ടു. ഹൈന്ദവ ക്ഷേത്രങ്ങളും ഭവനങ്ങളും ആക്രമിക്കപ്പെട്ടെന്നാരോപിച്ച് പലരും വീഡിയോ പങ്കുവച്ചു.
അക്രമത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകളും ബിസിനസ്സുകളും അഗ്നിക്കിരയാകുകയും ചെയ്ത വർഗീയ കലാപം പിന്നീട് രാജ്യത്തുടനീളം വ്യാപിച്ചു.
റിപ്പോർട്ട് പ്രകാരം, കോമില സംഭവത്തിൽ ഇതുവരെ നാല് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 41 പേരെ അറസ്റ്റ് ചെയ്തു, അതിൽ നാല് പേർ ഇക്ബാല്‍ ഹൊസന്റെ കൂട്ടാളികളാണ്.