കൊച്ചി: ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഏഴംഗ സംഘമാണ് എത്തിയത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് 27 മലയാളി വിദ്യാര്‍ഥികളാണ്.
മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ 11 വിദ്യാര്‍ഥികളാണ് ആദ്യം കൊച്ചിയില്‍ എത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയത് മുതലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റൊമേനിയന്‍ അതിര്‍ത്തിയില്‍ ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെയും രക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു. രാജ്യത്ത് എത്തിയ മൂന്ന് വിമാനങ്ങളിലായി 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്.
മലയാളി വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ സംഘം കരിപ്പൂരിലാണ് എത്തിയത്.
അതിനിടെ, ഇന്ത്യക്കാരുമായുള്ള നാലാമത്തെ എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. വിമാനത്തില്‍ 198 യാത്രക്കാരുണ്ട്. ഡല്‍ഹിയിലാണ് വിമാനം എത്തുക.ഇന്ന് രാവിലെ ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍. 240 പേര്‍ യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. ഇന്ന് പുലര്‍ച്ചെയാണ് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയത്. റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ ഉള്‍പ്പെടെ 251 ഇന്ത്യക്കാര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നത്.
ഡല്‍ഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. നേരത്തെ യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തിയിരുന്നു. 27 മലയാളികള്‍ ഉള്‍പ്പെടെ 219 മുംബൈയിലെത്തിയത്. യുക്രെയ്‌നില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും തേടുകയാണ്.