ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസംഘം ഉക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക്

ന്യുഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഘം അയല്‍രാജ്യങ്ങളിലേക്ക്. ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരടങ്ങിയ സംഘമാണ് ഉക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തുക. പ്രതിസന്ധിയില്‍ രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

സിന്ധ്യ െറാമാനിയയിലും കിരണ്‍ റിജിജു സോവാക്യയിലും ഹര്‍ദീപ് പുരി ഹംഗറിയിലും വി.കെ സിംഗ് പോളണ്ടിലുമെത്തും. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത്തെ യോഗമാണിത്.

ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ വഴിയാണ് രക്ഷാദൗത്യം. ഈ രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ സംഘമെത്തുക.

അതിര്‍ത്തി കടന്നെത്തുന്ന ജനങ്ങള്‍ ഒരുമിച്ച് കൂടിനില്‍ക്കുന്നതിനാല്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാന്‍ കേന്ദ്രം യുക്രൈന്‍ അധികാരികളുമായും ബന്ധപ്പെടുന്നുണ്ട്. അതിര്‍ത്തിയിലെത്താന്‍ ബസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് പോളണ്ടിന്റെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഓപറേഷന്‍ ഗംഗയുടെ ഭാഗമായി അഞ്ചാമത്തെ എയര്‍ ഇന്ത്യ വിമാനം റൊമാനിയയില്‍ നിന്നും രാവിലെ ഡല്‍ഹിയിലെത്തി. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറാമത്തെ വിമാനം 240 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News