ന്യുഡല്‍ഹി: ഉക്രൈനില്‍ നിന്നുള്ളരക്ഷാദൗത്യം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. ഇതിനകം 3000 ഓളം പേര്‍ അതിര്‍ത്തി കടന്നു. 100ലേറെ പേര്‍ രണ്ടു ദിവസത്തിനകം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. അയല്‍രാജ്യങ്ങളിലെത്തുന്നവരെ വിമാനമാര്‍ഗം ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പലായനത്തിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സിംഗ്ല അറിയിച്ചു. വിദേശകാര്യ സ്ഥിരം സമിതി യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനാണ് സെക്രട്ടറി മറുപടി നല്‍കിയത്.
പോളണ്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക യാത്ര മാര്‍ഗം ഒരുക്കും. അവരെ ബസ് മാര്‍ഗം സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യയിലേക്ക് അയക്കും.
ഷെഹ്നി അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചതോടെ യാത്ര നിയന്ത്രണങ്ങള്‍ മാറി. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയഗിലേക്ക് നീങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിനായി യുക്രൈന്‍ ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തും.
ഓരോ സംസ്ഥാനത്തുനിന്നുംഉക്രൈനിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേരിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കാബിനറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍മാര്‍ വഴിയാകണം വിവരങ്ങള്‍ ശേഖരിക്കേണ്ടത്.
അതിനിടെ, ഓപറേഷന്‍ ഗംഗയുടെ ഭാഗമായ എയര്‍ ഇന്ത്യയുടെ ആറാമത് വിമാനം റൊമാനിയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. രാത്രിയോടെ വിമാനം ഡല്‍ഹിയിലെത്തും. 240 യാത്രക്കാര്‍ വിമാനത്തിലുണ്ട്. രാവിലെ എത്തിയ വിമാനത്തില്‍ 249 യാത്രക്കാരുണ്ടായിരുന്നു.
രക്ഷാദൗത്യത്തില്‍ സ്‌പൈസ് ജെറ്റും പങ്കെടുക്കും. ഹംഗറിയില്‍ നിന്നാണ് സര്‍വീസ് നടത്തുക. ഓപറേഷന്‍ ഗംഗ ദൗത്യം ഏകോപിപ്പിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തും. ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരടങ്ങിയ സംഘമാണ് അയല്‍ രാജ്യങ്ങളിലെത്തുക. സിന്ധ്യ റൊമാനിയയിലും കിരണ്‍ റിജിജു സ്ലോവാക്ലിയിലും ഹര്‍ദീപ് പുരി ഹംഗറിയിലും വി.കെ സിംഗ് പോളണ്ടിലും എത്തും.