തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. സിൽവർ ലൈനിനെതിരെ ഊതിപ്പെരുപ്പിച്ച പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതെ പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ സംശയങ്ങൾ ദൂരീകരിച്ച് പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. പാര്‍ട്ടിയോട് അടുക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹിന്ദുത്വ വർഗീയതയെ എതിർക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ശക്തമായി എതിർക്കണം. അല്ലാത്തപക്ഷം ഹിന്ദു ജനസമൂഹത്തെ ഒരുമിച്ച് നിര്‍ത്താനാവില്ല. കേരളത്തിലെ വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തെ ചെറുക്കേണ്ടതുണ്ട്. ബിജെപി വേദികളിൽ പോയി പ്രസംഗിക്കാൻ സാംസ്കാരിക നായകർക്കും എഴുത്തുകാർക്കും ഒരു മടിയുമില്ല. ഇടതുപക്ഷം സാംസ്കാരിക പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.