പൊതുസ്ഥലങ്ങളിലും തെരുവുകളിലും മാംസം വിൽക്കുന്നത് നിരോധിക്കണമെന്ന് ത്രിപുര ഹൈക്കോടതി അഗർത്തല മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു. അറവുശാല സംബന്ധിച്ച് സംസ്ഥാനങ്ങൾ വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് കോടതി പറഞ്ഞു. ആറ് മാസത്തിനകം ഇത് പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദർജിത് മഹന്തി അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എഎംസിയോട് നിർദേശിച്ചു.
അഭിഭാഷകനായ അങ്കൻ തിലക് പോൾ ആണ് ഇത് സംബന്ധിച്ച് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ലൈസൻസ് ലഭിച്ചവർക്കുപോലും ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നത് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉത്തരവിടവേ ഹൈക്കോടതി പറഞ്ഞു. തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഇറച്ചി വിൽപന പാടില്ല. അറവുശാലയിലോ പ്രത്യേക സ്ഥലത്തോ മാംസം വിൽപന നടത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങൾ ഉറപ്പാക്കുന്നത് വരെ നഗരസഭ ഇറച്ചി വിൽപനയ്ക്ക് സ്ഥലം നൽകണം.
ആരെങ്കിലും ഉത്തരവുകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്ന് അഗർത്തല മുനിസിപ്പൽ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. അറവുശാല നിർമാണത്തിന് ഫെബ്രുവരി 21ന് ടെൻഡർ നൽകിയതായി എഎംസി മുനിസിപ്പൽ കമ്മിഷണർ ഡോ. ശൈലേഷ് കുമാർ യാദവ് കോടതിയെ അറിയിച്ചു. 18 മാസത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 139 പേർക്ക് മാംസം വിൽക്കാൻ ലൈസൻസ് നൽകിയിട്ടുണ്ട്.
എഎംസിയെ സഹായിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്. മലിനജലം നദികളിലേക്ക് ഇറങ്ങാതിരിക്കാൻ അധിക മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ എഎംസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങൾ നടപ്പിലാക്കാൻ പോലീസും എഎംസിയെ സഹായിക്കും.