ബിര്‍മിന്‍ഗാം (അലബാമ): 19 വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി കൃഷ്ണ ജയശങ്കറിന് കോണ്‍ഫറന്‍സ് യുഎസ്എ ഇന്‍ഡോര്‍ മീറ്റ് ഷോട്ട് പുട്ടില്‍ സില്‍വര്‍ മെഡല്‍. ഇന്‍ഡോര്‍ മീറ്റിന്റെ ചരിത്രത്തില്‍ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് കൃഷ്ണ.
ഫെബ്രുവരി മൂന്നാം വാരത്തില്‍ അലബാമ ബിര്‍മിന്‍ഗാമില്‍ നടന്ന ഷോട്ട് പുട്ട് മത്സരത്തില്‍ 15 മീറ്റര്‍ ദൂരം എറിഞ്ഞാണ് ടെക്സസിലെ എല്‍പാസോയില്‍ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് വിദ്യാര്‍ത്ഥിനി ഈ വലിയ നേട്ടത്തിന് അര്‍ഹയായത്. ഈ സീസണില്‍ 14.10 മീറ്ററിലാണ് ആരംഭിച്ചതെങ്കിലും, നിരവധി മീറ്റുകളില്‍ പങ്കെടുത്ത ഇവര്‍ നിരന്തര പരിശീലനം നടത്തിയാണ് ഇത്രയും ദൂരം ഷോട്ട് പുട്ടില്‍ കണ്ടെത്താനായത്.
2016-ല്‍ ദോഹയില്‍ നടന്ന മീറ്റില്‍ അലബാമയില്‍ നിന്നുള്ള മന്‍പ്രീത് സിംഗാണ് ആദ്യമായി 15.21 മീറ്റര്‍ ഷോട്ട് പുട്ട് എറിഞ്ഞ് വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ വനിത.
ചെന്നൈ ജൂണിയര്‍ കോളജിലാണ് ഇവര്‍ അത്ലറ്റിക്സില് പങ്കെടുക്കാനാരംഭിച്ചത്. മാതാപിതാക്കളായ ജയശങ്കര്‍ മേനോന്, പ്രസന്ന ജയശങ്കര്‍ എന്നിവര്‍ മകളെ ഇതില്‍ കാര്യമായ പ്രോത്സാഹനം നല്‍കിയിരുന്നു. ജമൈക്കയില്‍ നിന്നും ഇവര്‍ പരിശീലനം നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ നിന്നും കൃഷ്ണയ്ക്ക് അക്കാഡമിക് സ്കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്.