സിയാറ്റിൽ: വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്‌ധൻ ഓജസ് ജോൺ ഫോമാ 2022 – 24 നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്നു. കേരള അസ്സോസിയേഷൻ ഓഫ് വാഷിംഗ്‌ടണിനെ (KAW) അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളർത്തുന്നതിൽ വളരെയേറെ പങ്കു വഹിച്ച, സംഘടനയുടെ ശബ്ദവും മുഖവുമായ ഓജസ് ജോൺ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ നയിക്കുവാൻ മത്സരരംഗത്ത് കളം പിടിക്കുന്നത് നാളിതു വരെ നടത്തിയ പ്രവർത്തനങ്ങളുടെ ഉജ്ജ്വല വിജയങ്ങളുടെ തിളക്കവുമായിട്ടാണ്. വാക്കുകളിലെ മിതത്വമല്ല പ്രവർത്തിയിൽ ഏറ്റെടുക്കുന്ന ഏത് പരിപാടിയിലും ഒരു കുറവും കാണിക്കാതെ രാപ്പകൽ അദ്ധ്വാനിച്ചു വിജയപഥത്തിൽ എത്താതെ വിശ്രമിക്കാത്ത ഓജസ് സാമൂഹ്യ രംഗത്തെ പ്രവർത്തകർക്ക് ഒരു മാതൃകയാണ്.
1,47,000 ഡോളറിന്‍റെ സഹായം വിവിധ പ്രവർത്തനങ്ങളിലൂടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ സമാഹരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത് മാത്രം മതി ഓജസ്സിന്റെ നേത്യത്വപാടവത്തെ തിരിച്ചറിയാൻ. കോവിഡ് മഹാമാരിയുടെ മൂർദ്ധന്യകാലത്ത് മാസ്കുകൾ എത്തിച്ചും, ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകിയും മലയാളിക്ക് ആദ്യത്തെ മാതൃകയായത് കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടനും അതിന്റെ സാരഥിയുമായ ഓജസ്സുമായിരുന്നു.
വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്ധനായ ഓജസ് ജോണിനെ പോലൊരാൾ ആവണം ഫോമയുടെ ജനറൽ സെക്രട്ടറിയെന്നത് പ്രസക്തമാകുന്നത് സംഘടന തുടങ്ങി വെച്ച പുതിയ ഡിജിറ്റൽ വിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകാനും, അതിന്റെ സുഗമമായ നടത്തിപ്പിനും കൂടുതൽ ഉപകാരമാകും എന്നുള്ളത് കൊണ്ട് കൂടിയാണ്.
ഫോമയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാമുഖം നൽകാൻ ഡോക്ടർ ജേക്കബ് തോമസ് പ്രസിഡന്റ് ആയും ബിജു തോണിക്കടവിൽ (ട്രഷറർ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടർ ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി) ജെയിംസ് ജോർജ് (ജോയിന്റ് ട്രെഷറർ) സ്ഥാനത്തേക്കും ജനവിധി തേടുന്ന ടീം ഫ്രണ്ട്സ് ഓഫ് ഫോമയുടെ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ഓജസ് ജോൺ ഉൾപ്പെടുന്ന ഡ്രീം ടീമിനു സാധിക്കുമെന്നും അതുവഴി ടീം ലക്ഷ്യമിടുന്ന ന്യൂ യോർക്ക് ഫാമിലി കൺവെൻഷൻ – 2024 സാധ്യമാവുമെന്നും ഓജസ് ജോൺ പ്രത്യാശ പ്രകടിപ്പിച്ചു.
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല കൺവെൻഷനുകളിലൊന്നായി കരുതപ്പെടുന്ന 2022 സെപ്തംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകുണിൽ നടത്തപ്പെടുന്ന ഗ്ലോബൽ ഫാമിലി കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഓജസ് ജോൺ അടങ്ങുന്ന ടീം ഫ്രണ്ട് ഓഫ് ഫോമാ അറിയിച്ചു,
ഫോമയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി എത്രയും പെട്ടന്ന് നിങ്ങളുടെ കൺവൻഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ഏർലി ബേർഡ് സൗജന്യ നിരക്കുകൾ നേടിയെടുക്കണമെന്ന് ടീം ഫ്രണ്ട് ഓഫ് ഫോമായ്ക്കുവേണ്ടി ഡോക്ടർ ജേക്കബ് തോമസ് (പ്രസിഡന്റ് സ്ഥാനാർഥി) ഓജസ് ജോൺ (ജനറൽ സെക്രട്ടറി സ്ഥാനാർഥി) ബിജു തോണിക്കടവിൽ (ട്രഷറർ സ്ഥാനാർഥി ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ് സ്ഥാനാർഥി ) ഡോക്ടർ ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ) ജെയിംസ് ജോർജ് (ജോയിന്റ് ട്രെഷറർ സ്ഥാനാർഥി ) എന്നിവർ അഭ്യർഥിച്ചു.