നോട്ടെക്ക് എക്‌സ്‌പോ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം സംഘടിപ്പിക്കുന്ന രണ്ടാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക് -22’ ന്റെ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു.

മലപ്പുറം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറും മുന്‍ സബ് കളക്ടറുമായ പ്രേം കൃഷ്ണന്‍ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് ജീവിത മുന്നേറ്റത്തിന്റെ ആധാരമെന്നും വിവര സാങ്കേതിക വിദ്യകളിലൂടെ നയിക്കപ്പെടുന്ന പുതിയ ലോകത്ത് ചെറിയ ആശയങ്ങള്‍ക്ക് പോലും വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള പ്രതലമായി നോട്ടെക് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആഫ്രിക്ക പോളിസി ജേര്‍ണലിന്റെ മാനേജിംഗ് എഡിറ്ററും മുന്‍ ബിബിസി വേള്‍ഡ് സര്‍വീസ് പ്രൊഡ്യൂസറുമായ ഡോ. മുഹമ്മദ് ജമീല്‍ യൂഷോ മുഖ്യാതിഥിയായിരുന്നു. ഹബീബ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു.

നാഷനല്‍ തല നോട്ടെക്കിന്റെ തീയതികള്‍ സംഗമത്തില്‍ പ്രഖ്യാപിച്ചു. സൗദി ഈസ്റ്റ്, കുവൈറ്റ്, സൗദി വെസ്റ്റ്, ഖത്വര്‍, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ നോട്ടെക്കുകള്‍ മാര്‍ച്ച് 25 നും, യുഎഇ 27 നും നടക്കും. 54 സെന്‍ട്രല്‍ തല നോട്ടെക്കുകളില്‍ മത്സരിച്ചെത്തിയ പ്രതിഭകളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരക്കുക.

പ്രവാസി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സാങ്കേതിക വൈജ്ഞാനിക കഴിവുകള്‍ പ്രകടിപ്പിക്കാനും മാറ്റുരക്കാനും അവസരമൊരുക്കുകയാണ് നോട്ടെക്ക്. കൂടാതെ ദൈനംദിന ജീവിതത്തിലും പഠന-തൊഴില്‍ രംഗത്തും ഉപകരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന സംരംഭങ്ങളുടെയും സാധ്യതകളുടെയും ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ പവലിയനുകള്‍, സയന്‍സ് എക്‌സിബിഷന്‍, അവയര്‍നസ് ടോക്ക്, കരിയര്‍ ഫെയര്‍, വിവിധ മത്സരങ്ങള്‍ എന്നിവയും നോട്ടെക്കില്‍ അരങ്ങേറും.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News