ന്യുഡല്‍ഹി: കൊല്ലം സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജാമ്യം. ജസ്റ്റീസ് എസ്.കെ കൗള്‍, ജസ്റ്റീസ് എം.എം സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി കിരണ്‍ കുമാറിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രമേ ഇനി കിരണിന് ജയിലിലേക്ക് തിരിച്ചുപോകേണ്ടി വരൂ.
കേസിലെ പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന എസ്. കിരണ്‍കുമാറിന്റെ വീട്ടിലാണ് ഭാര്യ വിസ്മയെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനം കിരണ്‍ കുമാറിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയും വിസ്മയ നേരിട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കിരണിനെ പോലീസ് അറസ്റ്റു ചെയ്തത്.