ഗൾഫ് മീറ്റ് -2022 (പൊലിമ-3) സമാപിച്ചു

കുവൈറ്റ്‌ സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നൽകാൻ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ ഇവാനിയൻ ഗൾഫ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാ ബാവാ.

ക്ഷമിച്ചു കൊണ്ട് ദൈവവഴിയിൽ നടക്കാൻ ആഗ്രഹിക്കുമ്പോൾ സഹോദരീ സഭകളെയും സമൂഹത്തെയും എല്ലാം ഉൾച്ചേർക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിമ-3 എന്ന പേരിൽ ഓൺലൈൻ ആയാണ് സംഗമം നടത്തിയത്. പ്രവാസി ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ബാബുജി ബത്തേരി സെമിനാർ നയിച്ചു.

പൊതുസമ്മേളനത്തിൽ ക്ലീമീസ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ ഗൾഫ് കോർഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത്,മുൻ കോർഡിനേറ്റർമാരായ ഫാ. ഡോ. ജോൺ പടിപുരക്കൽ, ഫാ മാത്യു കണ്ടത്തിൽ, ഫാ. ഷാജി വാഴയിൽ, ഫാ.ഡോ.റജി മനയ്ക്കലേത്ത്, ഫാ.മാത്യൂസ് ആലുമ്മൂട്ടിൽ, ഫാ.ജോഷ്വാ പാറയിൽ, ഫാ.ഫിലിപ്പ് നെല്ലിവിള, ബിജു പാറപ്പുറം, രാജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.ജി സി സി യിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കലാപരിപാടികളും അരങ്ങേറി.ഈ ഗൾഫ് മീറ്റിൽ ഏകദേശം 1000 ൽ പരം അംഗങ്ങൾ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News