പാലക്കാട്: സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൻ്റെ കരുത്തനായ നേതാവായിരുന്നു തെന്നിലാപുരം രാധാകൃഷ്ണനെന്ന് പാർട്ടി ജില്ലാ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ വെൽഫെയർ പാർട്ടി മുൻ ജില്ലാ പ്രസിഡണ്ടും അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുമായ പി.വി.വിജയരാഘവൻ പറഞ്ഞു.
ഫാഷിസത്തോടും സമഗ്രാധിപത്യ പ്രവണതകളോടും ജനവിരുദ്ധ ഭരണ നയങ്ങളോടും ഇടതുപക്ഷ നയവ്യതിയാനങ്ങളോടും കലഹിച്ച അദ്ദേഹത്തിന്റെ പ്രൗഢമായ നിലപാടുകൾക്ക് മരണമില്ലെന്നും ജനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി കൂടുതൽ സംഘടിതമായി നിർഭയത്തത്തോടെ നിലകൊള്ളേണ്ട സവിശേഷ രാഷ്ട്രീയ ഘട്ടത്തിൽ തെന്നിലാപുരത്തിന്റെ ഓർമ്മകൾ പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയ കടമകൾ നിർവ്വഹിക്കുന്നതിന് നിത്യ പ്രചോദനമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ യോഗത്തിന് ജില്ലാ പ്രസിഡണ്ട് പി.എസ്. അബു ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കാട് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കരീം പറളി, ബാബു തരൂർ, റിയാസ് ഖാലിദ്, സെയ്ദ് ഇബ്രാഹിം, കെ.വി. അമീർ, സക്കീർ ഒതളൂർ, ഷെരീഫ് പള്ളത്ത്, ഹബീബ മൂസ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി. മോഹൻദാസ് സ്വാഗതവും, സെക്രട്ടറി എം. ദിൽഷാദലി നന്ദിയും പറഞ്ഞു.