ന്യുഡല്‍ഹി: ഉക്രെയ്‌നിലെ ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍ പ്രാണനുമായി യജമാനനൊപ്പം മൈലുകള്‍ താണ്ടി ഡല്‍ഹിയിലെത്തിയ സേറയ്ക്ക് യജമാനന്റെ ഇടുക്കിയിലെ വീട്ടിലെത്താന്‍ ഇനി അധികൃതര്‍ കനിയണം. ഇടുക്കി സ്വദേശിനിയായ ആര്യ ഉക്രെയ്‌നില്‍ ഓമനിച്ചു വളര്‍ത്തിയ സൈബിരീയന്‍ നായ ആണ് സേറ. യുദ്ധഭൂമിയില്‍ പുസ്തകങ്ങളും വസ്ത്രങ്ങളും കുടിവെള്ളവും പോലും ഉപേക്ഷിച്ച് മരംകോച്ചുന്ന തണുപ്പില്‍ റൊമനിയന്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്ത ആര്യ ഒപ്പം കൂട്ടിയതാണ് സേറയെ. തണുപ്പിലുടെ കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന സേറ തണുത്തുവിറങ്ങലിച്ചതോടെയാണ് ആര്യ മറ്റെല്ലാം ഉപേക്ഷിച്ച് സേറയെ തോളിലേന്തി അതിര്‍ത്തിയില്‍ എത്തിയത്.
ഉക്രെയ്ന്‍ അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും കനിവില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഇടംകിട്ടിയ സേറയ്ക്ക് ഇനി കേരളത്തിലെത്താന്‍ കടമ്പകള്‍ ഏറെ കടക്കണം.
ആര്യ മാത്രമല്ല, ചെങ്ങന്നൂര്‍ സ്വദേശിനിയായ അഞ്ജുവും പ്രതിസന്ധിയിലാണ്. അഞ്ജുവിനൊപ്പം വളര്‍ത്തുപൂച്ചയാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായി സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കേരള ഹൗസ്. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലെന്ന് വിമാന കമ്പനിയായ എയര്‍ഏഷ്യ അറിയിച്ചു. പോളിസി വിഷയമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത് എയര്‍ഏഷ്യയെയാണ്.
വളര്‍ത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്നതിന് ക്രമീകരണം നടത്താന്‍ സാധിക്കുമോയെന്ന് ശ്രമിക്കണമെന്നും അതിന് സമയമെടുക്കുമെന്നും കേരളഹൗസ് വ്യക്തമാക്കി.