ഒക്കലഹോമ: ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ്, 82, ഫെബ്രുവരി 27 ഞായറാഴ്ച ഒക്കലഹോമയില്‍ അന്തരിച്ചു.
1939 ഏപ്രില്‍ 15 ന് കുണ്ടറയില്‍ യോഹന്നാന്റെയുംഏലിയാമ്മ ഫിലിപ്പോസിന്റെയും പുത്രനായി ജനിച്ചു.
ഹൈസ്കൂള്‍ പഠനത്തിനു ശേഷം ബാംഗ്ലുരിലേക്കു മാറി. അവിടെ വച്ച് ആദ്യ ഭാര്യ സുസനെ കണ്ടു മുട്ടി. 1962-ല്‍ അവര്‍ വിവാഹിതരായി. ജോണ്‍ ജൂനിയര്‍, ലാലി എന്നിവര്‍ ആ ബന്ധത്തിലെ മക്കളാണ്.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിയില്‍ 10 വര്‍ഷം ജോലി ചെയ്തു. അവിടെ വച്ച് സുവിശേഷ പ്രവര്‍ത്തനത്തില്‍ തല്പ്പരനായി. താമസിയാതെ സ്നാനമേറ്റു.
തുടര്‍ന്ന് ദൈവശാസ്ത്രം പഠിക്കാന്‍ ആഗ്രഹിച്ചു. അതിനായി 1975-ല്‍ ഒക്ലഹോമയിലെത്തി. മിഡ് വെസ്റ്റ് ക്രിസ്ത്യന്‍ കോളജില്‍ പഠനം തുടരവെ 1977-ല്‍ ആര്‍ഡ്മോറിലെ കോളജ് ഹൈറ്റ്സ് ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ വച്ച് പാസ്റ്ററായി അഭിഷിക്തനായി.
വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് വേണ്ടിയുള്ള ധനസമാഹരണവും ഇതൊടൊപ്പം നടത്തി.1979-ല്‍ ബിരുദം നേടി.
തുടര്‍ന്ന് സതേണ്‍ നാസറീന്‍ യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് പഠനം ആരംഭിച്ചു. ഈ സമയത്താണ് ഭാര്യ സൂസന് കരളില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. രണ്ടുവര്‍ഷത്തെ സഹനത്തിനു ശേഷം 1982-ല്‍ അവര്‍ മരണത്തിനു കീഴടങ്ങി. എങ്കിലും ജോണ്‍ ഒരിക്കലും പ്രത്യാശയും ദൃഢനിശ്ചയവും കൈവിട്ടില്ല.
1983-ല്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ വച്ച് അന്നമ്മയെ (ആനി) കണ്ടുമുട്ടുകയും പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. അമേരിക്കയില്‍ മെചപ്പെട്ട ജീവിതം നയിക്കുമ്പോഴും ദൈവവേല മറന്നില്ല. ഇരുവരും ഇന്ത്യയിലേക്ക് മടങ്ങുകയും 1984-ല്‍ കൊച്ചിയില്‍ ഇന്ത്യ ക്രിസ്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിക്കുകയും ചെയ്തു. ഇളയ പുത്രി ക്രിസ്റ്റിന 1985-ല്‍ ജനിച്ചു.
2017-ല്‍ അദ്ദേഹത്തെ ബിഷപ്പായി ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറ അഭിഷേകം ചെയ്തു.
എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ച അദ്ദേഹം എഴുത്തുകാരനും ഗാനരചയിതാവുമാണ്.
ഭാര്യ അന്നമ്മ (ആനി). മക്കള്‍: ജോണ്‍ ഫിലിപ്പോസ് ജൂണിയര്‍ (ഭാര്യ ലുറീക്ക); ലാലി (ഭര്‍ത്താവ് ഡാന്‍ ഹഫ്നര്‍) ക്രിസ്റ്റിന ഫിലിപ്പോസ് . കൊച്ചുമക്കള്‍: റിബേക്ക, മിറിയം, റേച്ചല്‍, ഗ്രേസ്.
സഹോദരര്‍: ടൈറ്റസ് ഫിലിപ്പോസ്, സാറാമ്മ ജോസ്, മറിയം വര്‍ഗീസ്, പരേതയായ വല്‍സമ്മ രാജന്.
പൊതുദര്‍ശനം: മാര്‍ച്ച് 4 വൈകിട്ട് 7 മണി: ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് യുക്കണ്, ഒക്ലഹോമ.
സംസ്കാര ശുശ്രൂഷ മര്‍ച്ച് 5 രാവിലെ 11 മണി, ക്രൈസ്റ്റ് ചര്‍ച്ച്.