കഴിഞ്ഞ 19 വർഷമായി ന്യൂജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു.
കേരളീയ ഹൈന്ദവ സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നു ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ ഹൈന്ദവ സമൂഹത്തിന്റെ നായക സ്ഥാനത്തു മന്ത്രയിലൂടെ സനാതന ധർമ്മപാത പിന്തുടരുന്ന, ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്ന നഴ്സ് പ്രൊഫഷൻ ആയി സ്വീകരിച്ച ഹരിയെപ്പോലെയുള്ള ഒരാൾ എത്തിയതിൽ ആ സമൂഹത്തിനാകെ അഭിമാനിക്കാം എന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് അംഗം കൂടിയായ ഡോ രുഗ്മിണി പദ്മകുമാർ അഭിപ്രായപ്പെട്ടു.
അവിടെ വച്ച് നടന്ന മന്ത്രയുടെ 2023 ഹ്യുസ്റ്റൻ വിശ്വ ഹിന്ദു സമ്മേളനം ട്രൈസ്റ്റേറ്റ് റീജിയൻ രജിസ്ട്രേഷന് ഉദ്ഘാടനത്തിൽ നിരവധി കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ട്രസ്റ്റീ ബോർഡ് അംഗം ഡോ. രേഖാ മേനോൻ, ഡോ. രുഗ്മിണി പദ്മകുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡീറ്റ നായർ, സുനിൽ വീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ, ബോർഡ് അംഗങ്ങളായ ഡോ. മധു പിള്ള, കൃഷ്ണരാജ് മോഹനൻ, രവി നായർ, കൊച്ചുണ്ണി ഇളവൻ മഠം എന്നിവർ പങ്കെടുത്തു.