കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തനത്തിനില്ല. ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. ഒഴിവ് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ജി.സുധാകരനേയും ഒഴിവാക്കി. 75 വയസ്സെന്ന മാനദണ്ഡവും അദ്ദേഹത്തിന് ബാധകമായിരുന്നു.
സെക്രട്ടേറിയറ്റില്‍ ഒരു വനിതയെ ഉള്‍പ്പെടുത്തി. പൊതുവില്‍ വനിതകളുടെ എണ്ണം കൂടി. സമിതിയില്‍ മൂന്ന് വനിതപുതുമുഖങ്ങളുണ്ട്. കെ.എസ് സലീഖ, കെ.കെ ലതിക, ചിന്താ ജറോം എന്നിവര്‍ സമിതിയിലുണ്ട്.
തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പി.ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് തെറ്റായ സന്ദേശമല്ല. ശരിയായത് തന്നെയാണ്. അദ്ദേഹം കണ്ണുര്‍ ജില്ലാ കമ്മിറ്റിയിലും ലോയോഴ്‌സ് സംഘടനയിലും പ്രവര്‍ത്തിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍പ് തരംതാഴ്ത്തിയ പി.ശശിയെ ഇത്തവണ തിരിച്ചെടുക്കുകയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് കോടിയേരി പ്രതികരിക്കുകയായിരുന്നു.