ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തില്‍ ഏറ്റവും കാര്യക്ഷമതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത സംസ്ഥാനം കേരളമാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ. ഉക്രൈനിൽ കുടുങ്ങിയവരിൽ വലിയൊരു വിഭാഗം മലയാളികളാണെന്നതാണ് കേരള സർക്കാരിന്റെയും നോർക്കയുടെയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക വെസ് ചെയർമാൻ പി.എസ്. ശ്രീരാമകൃഷ്ണൻ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് ഏറെ ശ്രദ്ധേയമായത്.
കേരള സർക്കാരിന്റെ നിർദേശപ്രകാരം ഡൽഹിയിലെ കേരള പ്രതിനിധിയും മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണി തന്റെ നയതന്ത്രബന്ധം ഉപയോഗിച്ചത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ സഹായകമായി.
ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ആദ്യ സംസ്ഥാനമാണ് കേരളം. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
മലയാളികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും യഥാസമയം കൈമാറിയതും തിരിച്ചു എത്തിക്കുന്ന ദൗത്യത്തിന് ഏറെ സഹായകരമായി. യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ബന്ധപ്പെടാന്‍ നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് നമ്പറിലേക്ക് (18004253939) നിരവധി പേരാണ് ബന്ധപ്പെട്ടിരുന്നത്.
തുടര്‍ന്ന്, നോര്‍ക്ക സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറക്കുകയുണ്ടായി. എല്ലാറ്റിനും മേല്‍നോട്ടം വഹിക്കാന്‍ ഇരുപത്തിനാല് മണിക്കൂറും നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ കര്‍മ്മ നിരതരായിരുന്നു. ഡല്ഹിയിലെത്തുന്നവര്ക്കായി കേരളഹൗസില്‍ പ്രത്യേക സൗകര്യവും നോര്‍ക്ക അധികൃതര്‍ ഇടപെട്ട് നടത്തുകയുണ്ടായി.
തിരിച്ചെത്തുന്നവരെ വീട്ടില്‍ എത്തിക്കാനും നോര്‍ക്ക വലിയ സഹായമാണ് ചെയ്തിരിക്കുന്നത്. സ്വീകരിക്കാന്‍ വനിതകള്‍ ഉള്‍പ്പെടെ പ്രത്യേകസംഘത്തെ തന്നെ നിയോഗിക്കുകയുണ്ടായി. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസും ഏര്‍പ്പെടുത്തി.
കേരളത്തിലെ 4 വിമാനത്താവളങ്ങളിലും കര്‍മ്മനിരതരായി നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ നിലയുറപ്പിച്ചു എന്നു മാത്രമല്ല. മുംബൈയിലും ഡല്‍ഹിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെയും നോര്‍ക്ക നിയോഗിച്ചിട്ടുണ്ട്
തിരിച്ചെത്തുന്നവരെ നാട്ടിലെത്തിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍. കേരളത്തിലേക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ തുടങ്ങി നോര്‍ക്കയുടെ സേവനങ്ങള്‍ ഏറെ നീളുന്നതാണ്. മാര്‍ച്ച് 3 വരെ മാത്രം നാട്ടിലെത്തിച്ചത് 550 മലയാളികളെയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ‘ഓപ്പറേഷന് ഗംഗ’യുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ചവരാണിവര്. 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ഇന്നലെ ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരും വീടുകളില്‍ എത്തിക്കഴിഞ്ഞു.
ഉക്രൈനിൽ നിന്ന് കൂടുതൽ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. മടങ്ങിയെത്തുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാൻ വിമാനത്താവളത്തിൽ നിന്ന് കാസർകോടും തിരുവനന്തപുരത്തേക്കും നോർക്ക റൂട്ട്സ് പ്രത്യേക ബസുകൾ സജ്ജീകരിച്ചിരുന്നു. ഇത് വിദ്യാർത്ഥികളടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായി. ഡൽഹിയിൽ നിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്. ദൗത്യം ഇപ്പോഴും തുടരുകയാണ്.
വിദേശ രാജ്യങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തണലൊരുക്കാൻ നോർക്ക പോലുള്ള സംവിധാനം ഇന്ത്യക്കാർക്കുണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റ് സംസ്ഥാനങ്ങളെയും ബോധ്യപ്പെടുത്തുന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ ഇടപെടൽ. രക്ഷാദൗത്യം സുഗമമാക്കാൻ കേന്ദ്ര സർക്കാരിന് ഇത് ഏറെ സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.