കൊല്ലം: പത്തനാപുരം ംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍. കൊല്ലം തലവൂര്‍ ഗവണ്‍മെന്റ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറെ എം.എല്‍.എ പരസ്യമായി ശാസിച്ചതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് നേരെ എം.എല്‍.എയുടെ ശകാരം.
ഇതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറഷനും രംഗത്തെത്തി. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപത് വയസുള്ളയാള്‍ ജോലിയില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഈ ഒഴിവ് നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ജീവനക്കാരില്ലാതെ ഫിസിയോ തെറാപ്പി ഉപകരണം പ്രവര്‍ത്തിക്കാനാകില്ലെന്നും ശുചിമുറിയിലെ ടൈല്‍ ഇളകിയതിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും ഇവര്‍ ചോദിക്കുന്നു.
കെട്ടിടം നിര്‍മിച്ച് സാധനങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോര. അവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം എംഎല്‍എ മനസിലാക്കണമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി രൂപ മുടക്കി നിര്‍മിച്ച ആശുപത്രികെട്ടിടം ഉദ്ഘാടനത്തിന് തയാറായിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് എംഎല്‍എയുടെ വിമര്‍ശനം.