കണ്ണൂര്‍: ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്. . പദവിയല്ല നിലപാടാണ് പ്രധാനം. എന്ത് കിട്ടുമെന്നതിനെ കുറിച്ച് അല്ല ചിന്തിക്കേണ്ടത്. സിപിഎമ്മില്‍ മാത്രമേ വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ളതെന്നും ജയരാജന് വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ ഉള്‍പ്പെടുത്താത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനോട് പ്രതികരിക്കുകകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണ്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോയെന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നതെന്നും തനിക്ക് വേണ്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാമ്പന്‍ മാധവന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ വികസനത്തെ പുകഴ്ത്തുന്നു. കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചത് ശ്രദ്ധിച്ചു.
മുഖ്യമന്ത്രി തിരുവനന്തപുരത്തും എറണാകുളത്തും നേരിട്ട് വന്ന കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി. കണ്ണൂരില്‍ ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാനും സംശയങ്ങള്‍ മാറ്റാനും മന്ത്രി നേരിട്ടെത്തി.
എന്നാല്‍ ഈ പരാമര്‍ശം നടത്തിയ നേതാവിന്റെ പ്രവര്‍ത്തകര്‍ വേഷം മാറിവന്ന് പരിപാടി അലങ്കോലപ്പെടുത്തി. എന്നിട്ടാണ് പറയുന്നത് എല്ലാ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന്. ഈ വികസന വിരുദ്ധ രാഷ്ട്രീയം മാറണം. ഇതുകൊണ്ട് നാടിന് എന്ത് നേട്ടമാണുണ്ടാകുക. -ജയരാജന് പറഞ്ഞു.