കതിരൂര്‍ മനോജ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ. ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐ. ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ പതിനഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

2021 ഫെബ്രുവരി 23-ന് ആണ് കതിരൂര്‍ മനോജ് കേസിലെ പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ. അടക്കം വകുപ്പുകള്‍ ചുമത്തിയ കേസിലാണ് വിചാരണ പൂര്‍ത്തിയാകും മുന്‍പ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ വസ്തുതാപരമായ കണ്ടെത്തലുകളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. നേതാവായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം കേസില്‍ ഇരുപത്തിയഞ്ച് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി വിക്രമന് പുറമെ മറ്റ് പ്രതികളായ സി.പി ജിജേഷ്, ടി.
പ്രഭാകരന്‍, ഷിബിന്‍, പി. സുജിത്, വിനോദ്, റിജു, സിനില്‍, ബിജേഷ് പൂവാടന്‍, വിജേഷ് (മുത്തു), വിജേഷ് (ജോര്‍ജുകുട്ടി), മനോജ്, ഷാബിത്, നിജിത്, പി.പി. റഹീം എന്നിവര്‍ക്ക് ലഭിച്ച ജാമ്യത്തിന് എതിരെയാണ് സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചത്..

 

Print Friendly, PDF & Email

Leave a Comment

More News