ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ കലാ-സാഹിത്യവിഭാഗമായ സൃഷ്ടിയുടെ നേതൃത്വത്തിൽ, അന്തരിച്ച പ്രശസ്ത സിനിമാ നാടക നടി കെ.പി.എ.സി ലളിതയുടെ അനുസ്മരണ ചടങ്ങ് ഓൺലൈനായി (സൂം) സംഘടിപ്പിച്ചു.
സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് അദ്ധ്യക്ഷത വഹിച്ചു. ജന്മം കൊണ്ടുതന്നെ അനുഗ്രഹീതയായ ഒരു കലാകാരിയായിരുന്നു കെപിഎസി ലളിത. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമാകാൻ ലളിതക്കു കഴിഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സൃഷ്ടി കോഓർഡിനേറ്റർ ശ്രീമതി സരിത സുരേഷ് പറഞ്ഞു. അനുശോചന പ്രമേയത്തെ അധികരിച്ച് കെ. പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കോഓര്‍ഡിനേറ്റര്‍മാരായ സ്മിത സതീഷ്, അഞ്ജലി രാജ് എന്നിവർ സംസാരിച്ചു.
വെള്ളിത്തിരയില്‍ വേഷപ്പകർച്ച കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭയായിരുന്നു ലളിത എന്നും, അവരുടെ വിയോഗം മലയാള സിനിമാ ലോകത്തിനു ഒരു തീരാനഷ്ടം ആണെന്നും ഏവരും അഭിപ്രായപ്പെട്ടു. സൃഷ്ടി കൺവീനർ അനുബ് തങ്കച്ചൻ സ്വാഗതമാശംസിച്ചു. കെപിഎ ട്രഷറര്‍ രാജകൃഷ്ണൻ നന്ദി അറിയിച്ചു.