മണ്ണാർക്കാട്: റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടി ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീർ ഉൽഘാടനം ചെയ്തു.
റഷ്യയുടെ ഉക്രൈൻ അധിനിവേശവും യുദ്ധവും മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ സമൂഹവും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളും ഇടപെട്ട് യുദ്ധം നിർത്തിവെക്കാൻ സാഹചര്യം ഉണ്ടാക്കണമെന്നും, ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സമയോചിത ഇടപെടൽ നടത്തിയില്ലെന്നും അമീർ കുറ്റപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ.എം.കെ.ഹരിദാസ് പ്രതിഷേധ പരിപാടിക്ക് അഭിവാദ്യം നേർന്നു.
റഷ്യയും ഏകാധിപതി പുട്ടിനും തങ്ങളുടെ താൽപ്പര്യങ്ങളുടെ ഒപ്പം നിൽക്കാത്തവരെ അധിനിവേശം നടത്തി എല്ലാ അർത്ഥത്തിലും ഉക്രൈനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് നാം കാണുന്നതെന്നും മാനവികതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഗാന്ധിജിയും രാഷ്ട്ര ശില്പികളും രാജ്യം എക്കാലവും തുടരുന്ന സമാധാന നയതന്ത്ര നയങ്ങൾ നിലപാടുകൾ പുലർത്തുന്നതിൽ നിലവിലെ കേന്ദ്രസർക്കാർ പരാജയം ആണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജമാൽ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗം സുബൈർ അരിയൂർ സ്വാഗതവും മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കുന്തിപ്പുഴ നന്ദിയും പറഞ്ഞു. നാസർ വി, കെ.കെ. അബ്ദുല്ല, ഷാജഹാൻ, അമീൻ, റിയാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.