ചാരുംമൂട്: ബൈക്കിനുള്ളിലൊളിച്ച മൂര്‍ഖനെയുംകാത്ത് അഞ്ചുമണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂര്‍കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകന്‍ അഖില്‍ ജിമ്മില്‍ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് തറയില്‍ക്കിടന്ന മൂര്‍ഖന്‍ പത്തിവിടര്‍ത്തി കൊത്താനടുത്തത്. വണ്ടിയില്‍നിന്നു ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി.
രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവര്‍ നീക്കിയതോടെ ഹാന്‍ഡിലിനടിയില്‍ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണംനല്‍കി.