ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാദൗത്യം: മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി

ന്യുഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധനായ യുക്രൈന്‍ പ്രസിഡന്റിനെ മോദി അഭിനന്ദിച്ചു.
35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുക്രൈനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
സൂമി അടക്കം നിരവധി കേന്ദ്രങ്ങളിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ ഹോസ്റ്റലുകളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂമിയിലുള്ളവരെ ഉടന്‍തന്നെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂമിയില്‍ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്ര ദൂരമുള്ള പോള്‍ട്ടാവയില്‍ ഇന്ത്യന്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. കടുത്ത തണുപ്പും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ക്ഷാമവുമാണ് യുദ്ധഭൂമിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും മോദി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഫെബ്രുവരി 24നും മാര്‍ച്ച് 2നും ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News