ന്യുഡല്‍ഹി: ഉ്രെകയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളര്‍ ഇന്ന് കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് വില കുത്തനെ ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ 50 ലക്ഷം ബാരല്‍ ക്ഷാമം നേരിടും. ഇതോടെ എണ്ണവില ബാരലിന് 200 ഡോളര്‍ കടക്കുമെന്നാണ് സൂചന.
ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു വില. റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഉയര്‍ന്നതോടെ. ഫെബ്രുവരി 22നാണ് 100 ഡോളര്‍ കടന്നത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങി. തുടര്‍ന്ന് ക്രൂഡ് വില വര്‍ധിച്ചുവരികയായിരുന്നു.
ഇന്ധനവില വര്‍ധന ഇന്ത്യയിലും വര്‍ധിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാത്രിയോ നാളെ രാവിലെയോ വില ഉയരുമെന്നാണ് സൂചന. നവംബര്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചത്.
നിലവിലെ ക്രൂഡ് ഓയില്‍ വില വര്‍ധന പ്രകാരം പെട്രോളിന് 12 രൂപയും ഡീസലിന് 15 രൂപയും വര്‍ധിപ്പിക്കണമെന്നാണ് എണ്ണ കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇത് ഒറ്റയടിക്ക് വര്‍ധിപ്പിക്കുമോ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്.
എണ്ണവില വര്‍ധന രൂപയെ ക്ഷീണിപ്പിച്ചു. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യ ഇന്ന് 77.02 എന്ന നിരക്കിലെത്തി. രൂപ നേരിടുന്ന റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയാണിത്്. വെള്ളിയാഴ്ച ഡോളറിന് 76.16 രൂപ എന്ന നിലയിലായിരുന്നു വിനിമയം അവസാനിച്ചത്. രാജ്യന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതോടെ രണ്ടാഴ്ചയായി രൂപയുടെ മൂല്യം കൂപ്പുകുത്തുകയായിരുന്നു.