കുവൈറ്റ് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.
ഒരു ദിനാറിന് 252 രൂപയാണ് മാര്‍ച്ച് ഏഴിലെ വിനിമയ നിരക്ക്. ദിനാറിന്റെ മൂല്യം 252 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്.
റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്നു രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് 260 മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം ഈ മാസാവസാനം വരെ തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കോടികള്‍ ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സലിം കോട്ടയില്‍