ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും, പ്രവാസി മലയാളി എഴുത്തുകാരില്‍ അറിയപ്പെടുന്ന നോവലിസ്റ്റും, ചെറുകഥകള്‍, നാടകങ്ങള്‍, ഹാസ്യം തുടങ്ങി നിരവധി രചനകള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി അര നൂറ്റാണ്ടിലധികം കാലത്തോളം എഴുതി വായനക്കാരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ജോണ്‍ ഇളമതയെ ആദരിക്കുന്നതിനു വേണ്ടി, അദ്ദേഹത്തിന്റെ അന്‍പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗ് വാസ്തവത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്രസ്തുത സൂം മീറ്റിംഗ് യൂട്യൂബില്‍ ലഭ്യമാണ്.
ലേഖകന്റെ അടുത്ത സുഹൃത്തായ ഇളമതയോട് ആദരിക്കല്‍ ചടങ്ങിന്റെ കാര്യം സംസാരിച്ചപ്പോള്‍, അതിന്റെയൊന്നും ആവശ്യമില്ല, ഈ കോവിഡ് കാലത്ത് മനുഷ്യര്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ആരാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനെത്തുക എന്ന വിപരീത അഭിപ്രായമായിരുന്നു അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്.
എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി സൂം മീറ്റിംഗിന്റെ വിവരം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്കി. ഏതാനും വിശസ്തരായ സുഹൃത്തുക്കളെ വ്യക്തിപരമായി ക്ഷണിക്കുകയും, അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
നല്ലൊരു സംഘാടകനും, കാനഡയില്‍ നിന്നുള്ള പ്രവാസി മലയാളി മുന്നണിയുടെ അമരക്കാരനുമായ കുര്യന് പ്രക്കാനം, ഫ്ളോറിഡയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനും സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ കൂടിയായ ജോയി കുറ്റ്യാനി, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് അറിയപ്പെടുന്ന നേതാവും, എഴുത്തുകാരനും, വാഗ്മിയുമായ, ടെക്സാസിലെ ഹ്യൂസ്റ്റണില്‍ നിന്നുള്ള എ.സി. ജോര്‍ജ്, അറിയപ്പെടുന്ന റിപ്പോര്‍ട്ടറും, സാമൂഹ്യപ്രവര്‍ത്തകനുമായ ഡാളസില്‍ നിന്നുള്ള പി.പി. ചെറിയാന്, ഇളമതയുടെ സുഹൃത്തും മലയാളം ഡെയ്ലി ന്യൂസ് മാനേജിംഗ് എഡിറ്ററും പബ്ലിഷറുമായ മൊയ്തിന് പുത്തന്‍ചിറ എന്നിവരെ കൂട്ടി ഞാന്‍ ഒരു മുന്നണി തന്നെ രൂപീകരിച്ചു.
ഒരു വ്യക്തിക്കോ ഏതെങ്കിലും ഒരു സംഘടനക്കോ അത്ര എളുപ്പം നടത്താന്‍ കഴിയുന്ന ഒരു കാര്യമല്ല ചുതുങ്ങിയ സമയം കൊണ്ട് പെട്ടെന്നൊരു സൂം മീറ്റിംഗ് സംഘടിപ്പിക്കുക എന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു. എന്നാല്‍, വളരെ പെട്ടെന്നു തന്നെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവുമുള്ള ഒരു ടീമിനെ ഉണ്ടാക്കിയ ശേഷമാണ് പ്രശസ്ത വ്യക്തികളെ ക്ഷണിക്കാന്‍ തുടങ്ങിയത്. അറിയപ്പെടുന്ന മിക്ക സംഘടനകളുടെയും പ്രസിഡന്റുമാരെ ക്ഷണിച്ചു. എല്ലാവരും തന്നെ സന്തോഷപൂര്‍വ്വം ക്ഷണം സ്വീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്തതാണ് ഈ ഹ്രസ്വ പ്രവാസി മലയാളി സാഹിത്യകൂട്ടായ്മയുടെ വിജയം.
കഴിഞ്ഞ 50 വര്‍ഷത്തിലേറെ പ്രവാസ ഭൂമിയില്‍ പ്രവാസിയായി ജീവിച്ചുകൊണ്ട് മാതൃഭാഷയ്ക്കു വേണ്ടി ഏഴിലധികം ചരിത്ര നോവലുകളും അനവധി ചെറുകഥകളും, ഹാസ്യ രചനകളും കാഴ്ച വെച്ച ഒരു വ്യക്തിയാണ് ജോണ്‍ ഇളമത എന്ന സത്യം ലോകം അറിയുന്നതു തന്നെ ഈ സൂം മീറ്റിംഗിലൂടെയാണ്. ഇത്രയും കൃതികള്‍ മലയാള ഭാഷയ്ക്കു വേണ്ടി രചിച്ചിട്ടും അദ്ദേഹത്തിന് കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.
ഫെബ്രുവരി 10-ന് ന്യൂയോര്‍ക്ക് സമയം വൈകീട്ട് 8:00 മണിക്ക് ആരംഭിച്ച സൂം മീറ്റിംഗില്‍ പങ്കെടുത്തവര്‍ പ്രവാസി മലയാളികള്‍ അറിയേണ്ട പ്രഗത്ഭ വ്യക്തികളാണെന്ന് മീറ്റിംഗിന്റെ വീഡിയോ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെ തന്നെ, ഞാന്‍ തെരഞ്ഞെടുത്ത സംഘാടകര്‍ തുടക്കം മുതല്‍ അവസാനം വരെ എനിക്കു തുണയായി ഉണ്ടായിരുന്നു എന്നതും കണ്ടുപഠിക്കേണ്ട കാര്യമാണ്.
സമയത്തു തന്നെ മൗന പ്രാരത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. കാനഡയില്‍ നിന്നുള്ള പ്രവാസി മലയാളി മുന്നണി എന്ന സംഘടനയുടെ ചെയര്മാന് കുര്യന് പ്രക്കാനം എല്ലാവരേയും പരിചയപ്പെടുത്തി. തുടര്‍ന്ന് ജോയി കുറ്റ്യാനി സാഹിത്യകാരനായ ജോണ്‍ ഇളമതയെയും പത്നി ആനിമ്മ ഇളമതയേയും സദസ്സിനു പരിചയപ്പെടുത്തിതോടൊപ്പം ജോണ്‍ ഇളമത പ്രവാസി മലയാളികള്‍ക്കു വേണ്ടി നല്കിയ സംഭാവനകളെക്കുറിച്ച് വിവരിച്ചപ്പോഴാണ് വാസ്തവത്തില്‍ ജോണ്‍ ഇളമതയുടെ മഹത്വം മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചരിത്ര നോവലുകള്‍ വാസ്തത്തില്‍ വിശ്വസാഹിത്യത്തിനു പോലും മുതല്ക്കൂട്ടാക്കാവുന്നതാണെന്നും, കേരള സാഹിത്യ അക്കാദമിയുടെയും, സാഹിത്യപരിഷത്ത്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയെല്ലാം ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നതാണെന്നും ജോയി കുറ്റ്യാനി പ്രസ്താവിച്ചു.
ജോണ്‍ ഇളമതയുടെ ദീര്‍ഘകാല സുഹൃത്തുക്കളായ ജര്‍മ്മനിയിലെ ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫ. ഡോ. രാജപ്പന് നായര്‍, പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ടി.എം. മാത്യു, ഫിലിപ്പ് മഠത്തില്‍, ഇംഗ്ലീഷ് എഴുത്തുകാരന് ശശികുമാര്‍, സംസ്കൃത പണ്ഡിതനും നോവലിസ്റ്റുമായ ദിവാകരന് നമ്പൂതിരി, അറിയപ്പെടുന്ന കവി രാജു തോമസ്, എഴുത്തുകാരനും വിമര്‍ശകനും സാമൂഹ്യപ്രവര്‍ത്തകനുമായ ജയിംസ് കുരീക്കാട്ടില്‍, ഫൊക്കാന നേതാക്കളായ ജോര്‍ജി വര്‍ഗീസ്, രാജന് പടവത്തില്‍, ലാന പ്രസിഡന്റ് അനിലാല്‍ ശ്രീനിവാസന്, ഡോ. മേരി അശോക്, ഷീല ചെറു, ടോം ചിറമേല്‍, സാജന് കുര്യന്, നജീബ്, പി.പി. ചെറിയാന്, മൊയ്തീന് പുത്തന്‍ചിറ, ഡോ. ആഷ്ലി വര്‍ഗീസ് തുടങ്ങി നിരവധി പേര് ജോണ്‍ ഇളമതയ്ക്കും സഹധര്‍മ്മിണി ആനിമ്മയ്ക്കും വിവാഹ സുവര്‍ണ്ണ ജൂബിലി മംഗളാശംസകള്‍ നേര്ന്നതോടൊപ്പം, തുടര്‍ന്നും പ്രവാസികള്‍ക്കു വേണ്ടി എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജോണ്‍ ഇളമതയ്ക്കു വേണ്ടി സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പലരും ശ്രമിച്ചിരുന്നതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. ജോണ്‍ ഇളമത എന്ന എഴുത്തുകാരനെ സ്നേഹിക്കുന്ന നിരവധി പേര് പ്രവാസ ഭൂമിയില്‍ ഉണ്ടെന്നുള്ള വസ്തുത ഈ സൂം മീറ്റിംഗിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. ജോണ്‍ ഇളമതയെന്ന് മഹത്വ്യക്തിയെ സ്നേഹിക്കുന്നവര്‍ നിരവധിയുണ്ടെന്നുള്ളത് മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ചിരകാല സുഹൃത്തുക്കളായ ടോം ചിറയില്‍, ടി.എം. മാത്യു, പ്രൊഫ.ഡോ. രാജപ്പന് നായര്‍, ഫിലിപ്പ് മഠത്തില്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ഇത്തരത്തിലുള്ള ഒരു ആദരവ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും, നല്ലവരായ സുഹൃത്തുക്കള്‍ മുന്‍കൈ എടുത്തതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരവസരം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ജോണ്‍ ഇളമത തന്റെ നന്ദിപ്രകാശനത്തില്‍ പറഞ്ഞു.
അമേരിക്കയില്‍ ഇന്നും പല സംഘടനകളും നേതാക്കളും പ്രവാസി മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം കേരളത്തിലെ എഴുത്തുകാര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും കൊടുത്ത്, സംഘടനയുടെ ചിലവില്‍ അല്ലെങ്കില്‍ പിരിവെടുത്ത് അവരെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഇവിടെ ആദരിക്കലും മറ്റും ചെയ്യുന്നത് ഉചിതമാണോ എന്ന് സംഘടനകള്‍ ചിന്തിക്കണം.
പ്രവാസി മലയാളി സാഹിത്യകാരډാരും, എഴുത്തുകാരും അമേരിക്കയില്‍ അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് അന്‍പതിലേറെ വര്‍ഷങ്ങളായിട്ടുപോലും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്നേവരെ യാതൊന്നും ചെയ്യാതിരുന്നതുകൊണ്ടല്ലേ മലയാളികള്‍ തുടങ്ങി വെച്ച പല പ്രസിദ്ധീകരണങ്ങളും നിര്‍ത്തലാക്കേണ്ടി വന്നത്.
മൂന്നു മണിക്കൂറോളം സുദീര്‍ഘമായ സൂം മീറ്റിംഗിന്റെ ചുക്കാന്‍ പിടിച്ച എ.സി. ജോര്‍ജ് വാസ്തവത്തില്‍ അമേരിക്കന്‍ മലയാളികളാല്‍ ആദരിക്കപ്പെടേണ്ട വ്യക്തിയാണ് എന്നുള്ള കാര്യം ഇവിടെ സ്മരിക്കട്ടേ.
അമേരിക്കയിലെ പ്രവാസി എഴുത്തുകാരും സാഹിത്യകാരډാരും സംഘടിച്ച് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എങ്കില്‍ മാത്രമെ ഈ പ്രവാസഭൂവില്‍ അവരുടെ കഴിവുകള്‍ അംഗീകരിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുകയുള്ളൂ. കൂടാതെ, സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയും വേണം. പല പ്രസിദ്ധീകരണങ്ങളും അന്യം നിന്നു പോകാതിരിക്കണമെങ്കില്‍ അവരെയും സംഘടനാതലത്തില്‍ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന സത്യം ഇവിടെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
ജോണ്‍ ഇളമത എന്ന സാഹിത്യകാരന്റെ കൃതികള്‍ വിശ്വസാഹിത്യത്തില്‍ ഇടം പിടിക്കാന്‍ ഇടയാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം ഈ സൂം മീറ്റിംഗില്‍ നിന്നും പുതിയൊരു പാഠം പഠിക്കാന്‍ സാഹിത്യരംഗത്തും, ഭാഷാ രംഗത്തും, പ്രസിദ്ധീകരണ രംഗത്തും, മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ തയ്യാറാവട്ടേ എന്നും പ്രത്യാശിക്കുന്നു.
തോമസ് കൂവള്ളൂര്‍