ഹ്യുസ്റ്റണിൽ 2023 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ചെയർമാൻ ആയി കൃഷ്ണൻ ജി കേശവനെ തിരഞ്ഞെടുത്തു. കോ ചെയർ ആയി സുരേഷ് കരുണാകരൻ, സുനിൽ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച, ഹ്യുസ്റ്റണിൽ തന്നെ താമസിക്കുന്ന മൂവരുടെയും സാന്നിധ്യം മന്ത്രയുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായകരമാകും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ ജി കേശവൻ കോളേജ്തലം മുതൽ സംഘടനാ രംഗത്ത് സജീവമാണ്. ഇപ്പോൾ ശീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണ് . എഴുത്തുകാരൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത മലയാള നാടകങ്ങൾ അമേരിക്കയിലെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുണ്ട്.
കോട്ടയം രാമപുരം സ്വദേശിയായ സുരേഷ് കരുണാകരൻ ബാലഗോകുലം മുതൽ നിരവധി ഹൈന്ദവ സംഘടനകളിൽ പ്രവർത്തിച്ചു സംഘടനാ വൈഭവം തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ്. നാട്ടിൽ അഭിഭാഷകൻ ആയിരുന്ന അദ്ദേഹം സാമൂഹ്യ രംഗത്ത് സജീവം ആയിരുന്നു. അമേരിക്കയിലും സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
കോട്ടയം ഉഴവൂർ സ്വദേശിയായ സുനിൽ നായർ കോളേജ്തലം മുതൽ അറിയപ്പെടുന്ന സംഘാടകൻ ആണ്. പെയർ ലാൻഡ് മലയാളി അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായ മൂവരും, ഹ്യുസ്റ്റണിലെ ഭക്ത സമൂഹത്തിനു ആകെ ചിരപരിചിതരും ആണെന്നതിനാൽ അത് സമ്മേളനത്തിന്റെ ഏകോപനത്തിനു ശക്തി പകരും എന്ന് സെക്രട്ടറി അജിത് നായർ അറിയിച്ചു.