പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയം സ്റ്റാന്റ് ഗ്രൗണ്ടിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ.സി.ആയിശ ഉൽഘാടനം ചെയ്തു.
വനിതാ ദിനത്തിൽ മാത്രം സ്ത്രീകളുടെ അവകാശത്തെയും അഭിമാനത്തെയും സംബന്ധിച്ച് വാചാലരാകുന്നതിന് അപ്പുറം സമൂഹം നിത്യേനയുള്ള ജീവിത സാഹചര്യത്തിൽ സ്ത്രീകൾക്ക് മാനവികമായ വലിയ പരിഗണന നൽകണമെന്നും രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇ.സി.ആയിശ ഓർമ്മിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ആസിയ റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ വനിതാ കമ്മീഷൻ അംഗം തുളസി ടീച്ചർ, പാലക്കാട് നഗരസഭ മുൻ കൗണ്‍സിലർ ചെമ്പകം, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹിബ തൃത്താല, സഫിയ ശറഫിയ എന്നിവർ സംസാരിച്ചു.
‘മോംസ് ഫിറ്റ്നസ്’ പാലക്കാട് 2022 ജേതാവ് ബുഷ്‌റബിയെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായ ഹബീബ മൂസ സ്വാഗതവും ഷക്കീല ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ഡലം ഭാരവാഹികൾ സംഘാടനത്തിന് നേതൃത്വം നൽകി.