മെക്‌സിക്കോ സിറ്റി: യുഎസ് അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള രഹസ്യ ശ്മശാന കുഴികളിൽ നിന്ന് സന്നദ്ധസേവകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായി വടക്കൻ മെക്‌സിക്കോയിലെ അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന സർക്കാർ പറഞ്ഞു.
അരിസോണയിലെ യുമയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സാൻ ലൂയിസ് റിയോ കൊളറാഡോയിലാണ് അന്വേഷകർ ഞായറാഴ്‌ചയും തിങ്കളാഴ്ചയും കുഴികളില്‍ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ദ്രവിച്ച നിലയിലാണെന്നും അവ തിരിച്ചറിയാൻ ജനിതക, പ്രത്യേക ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
കാണാതായവരുടെ ബന്ധുക്കൾ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും സ്വന്തം തിരച്ചിൽ നടത്തേണ്ടിവരുന്നു. കാരണം, പോലീസിന് അതിന് കഴിയില്ല അല്ലെങ്കിൽ അവര്‍ തയ്യാറല്ല.
സർക്കാർ കണക്കുകൾ പ്രകാരം മെക്സിക്കോയിൽ 98,356 പേർ അപ്രത്യക്ഷരായിട്ടുണ്ട്. മിക്കവരും മയക്കുമരുന്ന് കാർട്ടലുകളാൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ ശരീരം ആഴം കുറഞ്ഞ കുഴിമാടങ്ങളിലേക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ അല്ലെങ്കിൽ അലിയിച്ചു കളയുകയോ ചെയ്യുന്നു.
കണ്ടെത്തിയ മൃതദേഹങ്ങൾ പോലും തിരിച്ചറിയാൻ സർക്കാർ പാടുപെടുകയാണ്. ഏകദേശം 52,000 മൃതദേഹങ്ങള്‍ ഇതേ അവസ്ഥയില്‍ തിരിച്ചറിയലിനായി കാത്തിരിക്കുന്നു.