തിരുവനന്തപുരം: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നുവെന്നും ഓപ്പറേഷന്‍ ഗംഗ അന്തിമ ഘട്ടത്തിലാണെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇന്ത്യയുടെ നയതന്ത്രശേഷിയുടെ വലിയ വിജയമാണിത്. മുന്‍പ് ഇറാഖ് യുദ്ധഭൂമിയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചതും നയതന്ത്രശേഷിയുടെ വിജയമായിരുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തില്‍ പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലുണ്ട്. ചില ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. വിദേശകാര്യ മന്ത്രി നേരിട്ട മേല്‍നോട്ടം വഹിച്ചു. സൂമിയില്‍ നിന്ന് പുറപ്പെട്ടവര്‍ പൊള്‍ട്ടോവയില്‍ എത്തുംവരെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. സുമിയില്‍ നിന്ന് യാത്ര തിരിച്ച വിവരം സ്ഥിരീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറാകാതിരുന്നതും അതുകൊണ്ടുതെന്നയാണെന്നും അദ്ദേഹം പറഞ്ഞു.
സുമിയില്‍ നിന്ന് പുറപ്പെട്ടവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവണ്ടിയില്‍ ലവീവില്‍ എത്തും. അതിര്‍ത്തി കടന്ന് എത്രയും വേഗം നാട്ടിലെത്താനുള്ള തയ്യാറെടുപ്പാണ് വിദേശകാര്യ മന്ത്രാലയം എടുത്തിരിക്കുന്നത്.
യുദ്ധ ഭൂമിയില്‍ വിദ്യാര്‍ഥികള്‍ ഏറെ കഷ്ടപ്പെട്ടു. അവരുടെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് ആ സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇതാദ്യമായല്ല ഇന്ത്യയുടെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്നും ഇതേപോലെയുള്ള സാഹചര്യത്തില്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ മലയാളിനഴ്‌സുമാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിരുന്നു.
പല വിമര്‍ശനങ്ങളും നേരിട്ടപ്പോഴും അതിനു മറുപടി പറയാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ കഴിയില്ല. അതുകൊണ്ട് അവയെ അവഗണിച്ച് സുരക്ഷ ദൗത്യം വളരെ ശ്രദ്ധയോടെ നടത്തി. 20,000 ല്‍ അധികം ആളുകളെ യുക്രൈനിന്റെ അതിര്‍ത്തി കടത്തി അയല്‍രാജ്യങ്ങളിലും ഇന്ത്യയിലുമായി എത്തിക്കാന്‍ കഴിഞ്ഞു. ഇത്രയും പേര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സഹകരണം നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
‘ഓപ്പറേഷന്‍ ഗംഗ’ പൂര്‍ത്തിയാകണമെങ്കില്‍ ലവീവില്‍ എത്തുന്നവര്‍ പോളണ്ട് വഴി ഇന്ത്യയില്‍ തിരിച്ചെത്തണം. തിരിച്ചുവരാന്‍ ആഗ്രഹിക്കാത്ത ഇന്ത്യക്കാര്‍ അവിടെ തങ്ങുന്നുണ്ട്. ആഗ്രഹിക്കുന്ന എല്ലാവരും തിരിച്ചെത്തിക്കഴിഞ്ഞാല്‍ ‘ഓപ്പറേഷന്‍ ഗംഗ’ പൂര്‍ത്തിയാകും.
സൂമിയില്‍ ഇനി ആരും അവശേഷിക്കുന്നതായി എംബസിക്ക് അറിവിലില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഒഴിപ്പിച്ചു.
ഇന്ത്യന്‍ എംബസി അഡ്വവൈസറി കൃത്യമായി നല്‍കിയില്ല, പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഫെബ്രുവരി 15,20,22 തീയതികളില്‍ ഔദ്യോഗികമായി അഡ്വവൈസറി നല്‍കിയിരുന്നു. അതിനു മുന്‍പ് ജനുവരിയില്‍ സ്റ്റുഡന്റ് കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍വകലാശാലകള്‍ ഓണ്‍ലൈനായി പഠിപ്പിക്കാന്‍ തയ്യാറായില്ല. സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരും സംഘര്‍ഷമുണ്ടാവില്ലെന്നാണ് വിദ്യാര്‍ഥികളെ അറിയിച്ചത്. ഇന്ത്യന്‍ എംബസി നല്‍കിയ മുന്നറിയിപ്പിനെക്കാള്‍ അവിടുത്തെ ഭരണകൂടം നല്‍കിയ അറിയിപ്പാണ് അവര്‍ വിശ്വസിച്ചത്.
പബ്ലിസിറ്റിക്ക് വിനിയോഗിച്ചുവെന്ന് പറയുന്നതില്‍ അര്‍ഥമില്ല. രക്ഷാദൗത്യത്തിന് തീരുമാനിച്ച് നാലു മന്ത്രിമാരെ അയച്ചുവെന്നത് മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. പബ്ലിസിറ്റി നല്‍കിയത് മാധ്യമങ്ങളാണ്.
വിദ്യാര്‍ഥികളുടെ തുടര്‍ പഠനം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രസഹമന്ത്രി അറിയിച്ചു.