ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍. ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചാനലിനെ വിലക്കിയതിന് പിന്നിലെ കാരണമെന്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ചാനല്‍ ഉടമകളോ, ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മറുപടിക്ക് പോലും അവസരം നല്‍കാതെ ചാനലിന്റെ സംപ്രേഷണം വിലക്കിയത് 320ഓളം ജീവനക്കാരുടെ തൊഴിലിനെയാണ് ബാധിക്കുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഹര്‍ജിയില്‍ പറയുന്നു. ചാനലിന്റെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.