കോഴിക്കോട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പരാമര്‍ശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് കെപിസിസി പ്രസിഡന്റ്് കെ. സുധാകരന്‍. ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കണമെന്ന് വ്യക്തിപരമായി താല്പര്യമില്ല. എന്നാല്‍ കേസെടുക്കുന്നതില്‍ എതിര്‍പ്പുമില്ല. ധീരജിന്‍ന്റെ കൊലപാതകം ഇരന്നുവാങ്ങിയത് എന്നു പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം ഇപ്പോള്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. ഈ ഗൂഢാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണം. ഈ കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എല്ലാകാലത്തും സിപിഎമ്മിന്റെ മുഖമുദ്ര.
കണ്ണൂരില്‍ സിപിഎമ്മിനെറ ബോംബ് രാഷ്ട്രീയത്തോട് എതിരിട്ടു തന്നെയാണ് സുധാകരനും കോണ്‍ഗ്രസ് പ്രസ്ഥാനവും മുന്നോട്ടുപോയത്. ടി.പി. ചന്ദ്രശേഖരനെയും മറ്റ് രാഷ്ട്രീയ പ്രതിയോഗികളെയും കൊലപ്പെടുത്തിയ വിധത്തില്‍ സുധാകരനെയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി സിപിഎം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.
സിപിഎം നേതാക്കള്‍ കുറ്റാരോപിതരായ എല്ലാ കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ സാധിക്കുകയുള്ളൂ. ടി.പി. ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, പെരിയ ഇരട്ടക്കൊല കേസുകളില്‍ സംസ്ഥാന പോലീസ് സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതി ഇടപെടല്‍ വഴിയും മറ്റും കേന്ദ്ര ഏജന്‍സികള്‍ പല കേസും ഏറ്റെടുത്തിരിക്കയാണ്.
പോലീസ് തെളിവുകള്‍ മൂടിവച്ച് സിപിഎം നേതാക്കളെ വെള്ളപൂശാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുക. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശേഷം നടത്തിയ ”വണ്‍ ടൂ ത്രീ” പ്രസംഗവും മറക്കാറായിട്ടില്ല. സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയാറുണ്ടോ എന്ന് വ്യക്തമാക്കണം. കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. കെപിസിസി പ്രസിഡന്റിനെ ജീവന്‍ നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.