ബാൾട്ടിമോർ (മെരിലാന്റ്): ശസ്ത്രക്രിയയിലൂടെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ആദ്യ വ്യക്തിയെന്ന ചരിത്രം സൃഷ്ടിച്ച മെരിലാന്റിലെ ഡേവിഡ് ബെന്നറ്റ് (57) മരണത്തിനു കീഴടങ്ങി.
ഏകദേശം രണ്ട് മാസം മുമ്പ് (ജനുവരി 7-ന്), ചരിത്രപരമായ ട്രാന്‍സ്പ്ലാന്റ് സ്വീകരിച്ച ബെന്നറ്റ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ശസ്ത്രക്രിയ നടത്തിയ മെരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റര്‍ (UMMC) ബുധനാഴ്ച അറിയിച്ചു. മരണകാരണം ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ദിവസങ്ങൾക്കുമുമ്പ് ആരോഗ്യനില വഷളായിത്തുടങ്ങിയതായി ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ച, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് കാർഡിയാക് സെനോട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിന്റെ സയന്റിഫിക് ഡയറക്ടറും സർജറി പ്രൊഫസറുമായ ഡോ. മുഹമ്മദ് എം മൊഹിയുദ്ദീൻ പറഞ്ഞു.
ഈ പുതിയ പരീക്ഷണത്തെ ബെന്നറ്റിന്റെ മകൻ ആശുപത്രിയെ പ്രശംസിക്കുകയും അവയവങ്ങളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ഇത് സഹായിക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ അദ്ദേഹം സുഖം പ്രാപിക്കില്ലെന്ന് വ്യക്തമായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ബെന്നറ്റിന് തന്റെ അവസാന മണിക്കൂറുകളിൽ കുടുംബവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞതായും അവര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ രോഗപ്രതിരോധ ശേഷിയും അണുബാധയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് ഡോ. മൊഹിയുദ്ദീൻ പറഞ്ഞു. നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങൾ പരാജയപ്പെടാൻ തുടങ്ങിയതായും അത് മരണത്തില്‍ കലാശിച്ചതായും ഡോക്ടര്‍ വെളിപ്പെടുത്തി.
ഹൃദയശസ്ത്രക്രിയയിലെ ആധുനിക നേട്ടമായി ശാസ്ത്രലോകം വിലയിരുത്തിയതാണ് ഈ ചികിത്സ. ജനിതകമാറ്റം വരുത്തി വളര്‍ത്തിയ പന്നിയുടെ ഹൃദയമാണ് പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ വച്ചു പിടിപ്പിച്ചത്. യൂണിവേഴ്സിറ്റി ഓഫ് മെരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഈ ചികിത്സനടത്തിയത്. യു എസ് മെഡിക്കല്‍ റെഗുലേറ്ററില്‍ നിന്ന് പ്രത്യേക അനുമതി ലഭിച്ചിരുന്നു.
57 കാരനായ ബെന്നറ്റ് 2021 ഒക്ടോബറിലാണ് UMMC യിൽ ഒരു രോഗിയായി എത്തിയത്. അവിടെ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും, ജീവനോടെ തുടരാൻ ഒരു ഹാർട്ട്-ലംഗ് ബൈപാസ് മെഷീനിൽ കിടത്തുകയും ചെയ്തു. ഒരു പരമ്പരാഗത ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം യോഗ്യനല്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഇത്തരത്തിലുള്ള ശസ്ത്രക്രിയ പൂർണ വിജയമാകുമെന്ന് ഉറപ്പിച്ചുപറയാന്‍ സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതുപോലൊരു നേട്ടം ആദ്യമായിട്ടായിരുന്നു.
ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടർമാർ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള ലിസ്റ്റില്‍ പിറകിലായിരുന്നതും, ബെന്നറ്റിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ബോധ്യപ്പെട്ട അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.
പന്നിയുടെ അവയവം മനുഷ്യനിൽ വച്ചുപിടിപ്പിക്കുന്നത് ഇതാദ്യമാണെന്നും ഡോ. മൊഹിയുദ്ദീൻ പറഞ്ഞു. ശസ്ത്രക്രിയയെത്തുടർന്ന്, മാറ്റിവയ്ക്കപ്പെട്ട ഹൃദയം ഉടനടി നിരസിക്കപ്പെട്ടില്ല. മാത്രമല്ല, ആഴ്ചകളോളം നന്നായി പ്രവർത്തിക്കുകയും ചെയ്തു. ബെന്നറ്റിന് തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശക്തി വീണ്ടെടുക്കാൻ സഹായിക്കുന്നതിന് ഫിസിക്കൽ തെറാപ്പിയിൽ പങ്കെടുക്കാനും കഴിഞ്ഞു. ആശുപത്രി കിടക്കയിൽ നിന്ന് സൂപ്പർ ബൗൾ കാണാൻ പോലും ബെന്നറ്റിന് സാധിച്ചിരുന്നു.
രോഗപ്രതിരോധ ശേഷി വേണ്ടത്ര അടിച്ചമർത്തപ്പെടുമ്പോൾ ജനിതകമാറ്റം വരുത്തിയ പന്നി ഹൃദയത്തിന് മനുഷ്യശരീരത്തിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് മനസിലാക്കാൻ ഞങ്ങൾക്ക് വിലമതിക്കാനാവാത്ത അറിവുകള്‍ ലഭിച്ചതായി ഡോ. മൊഹിയുദ്ദീൻ പറഞ്ഞു. ശുഭാപ്തിവിശ്വാസം കൈവിടാതെ ഭാവിയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കൂടുതല്‍ വ്യാപൃതരാകാനാണ് ഞങ്ങളുടെ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഡേവിനെപ്പോലെ പോരാടണമെന്ന് ബെന്നറ്റിന്റെ മകൻ പറഞ്ഞതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, “ഈ ചരിത്രപരമായ പരിശ്രമത്തിലൂടെ കടന്നുപോയ ഓരോ നൂതന നിമിഷത്തിനും, ഓരോ ഭ്രാന്തൻ സ്വപ്നത്തിനും, ഉറക്കമില്ലാത്ത ഓരോ രാത്രിക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ കഥ അവസാനിക്കുന്നില്ല, ഇത് പ്രതീക്ഷയുടെ തുടക്കമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.