ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടെണ്ണലിൽ ഗൊരഖ്പൂർ അർബൻ മണ്ഡലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. രാവിലെ 9.30 ന് ലഭ്യമായ പ്രാരംഭ വിവരങ്ങളനുസരിച്ച് കൂടുതലും പോസ്റ്റൽ ബാലറ്റുകളിൽ നിന്നാണ് ലീഡ് നല്‍കുന്നത്.
യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകത്തിൽ നിന്ന് നിയമസഭാ സീറ്റിലേക്കുള്ള ആദ്യ സമ്പൂർണ്ണ മത്സരമാണിത്. അദ്ദേഹം നിരവധി തവണ ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
എബിപി സി-വോട്ടർ എക്സിറ്റ് പോൾ പ്രകാരം 236 സീറ്റുകളോടെ ഉത്തർപ്രദേശിൽ ഭരണം നിലനിർത്താൻ ബിജെപി ഒരുങ്ങുകയാണ്.
എന്നാല്‍, 403 അംഗ സംസ്ഥാന അസംബ്ലിയിൽ 2017 ൽ 325 സീറ്റുകൾ നേടിയ ശേഷം 89 സീറ്റുകളുടെ നഷ്ടത്തോടെ, കുറഞ്ഞ മാർജിനിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അത് പ്രവചിച്ചിരുന്നു. മാർച്ച് മൂന്നിന് നടന്ന ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ 53.30 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ആസാദ് സമാജ് പാർട്ടിയിൽ (കാൻഷി റാം) മത്സരിക്കുന്ന ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ്, കോൺഗ്രസിന്റെ ചേതന പാണ്ഡെ, സമാജ്വാദി പാർട്ടിയുടെ ശുഭവതി ശുക്ല, ബഹുജൻ സമാജ് പാർട്ടിയുടെ ഷംസുദ്ദീൻ ഖ്വാജ എന്നിവരാണ് മുഖ്യമന്ത്രിയുടെ എതിരാളികൾ.