തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളിയാഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് 25,000 രൂപ മോഷ്ടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി. മുടി സ്‌ട്രെയിറ്റ് ചെയ്യാനുള്ള പണം കണ്ടെത്താനായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയേയും രക്ഷിതാക്കളെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു. പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമ കേസ് പിന്‍വലിച്ചു.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കോളജ് വിദ്യാര്‍ഥിനിയാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മോഷ്ടാവെന്ന് വ്യാഴാഴ്ചയോടെയാണ് പോലീസ് കണ്ടെത്തിയത്
കഴിഞ്ഞ ദിവസം പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. അവിടെ നിന്നും നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ പക്കല്‍ ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട പണമില്ലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥിനി സമീപത്തെ മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ കടമായി ആവശ്യപ്പെട്ടു. എന്നാല്‍ കടയിലുണ്ടായിരുന്നവര്‍ പണം നല്‍കിയില്ല. പിന്നീട് വിദ്യാര്‍ഥിനി വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ എത്തി.
ജ്വല്ലറിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാള്‍ ഈ സമയം ബാങ്കില്‍ പോയിരുന്നു. മറ്റെയാള്‍ ജ്വല്ലറിയിലും ഉണ്ടായിരുന്നു. എന്നാല്‍ മരുന്നു കഴിച്ചതിനെ തുടര്‍ന്നു ഇയാള്‍ മയങ്ങിപ്പോയി. ഈ തക്കത്തിനാണ് പെണ്‍കുട്ടി പണം കവര്‍ന്നത്. പിന്നീട് വിദ്യാര്‍ഥിനി 20 മിനുട്ടിനുള്ളില്‍ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്തു മടങ്ങി.
പണം നഷ്ടമായെന്ന് മനസിലായതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമ അന്വേഷണം നടത്തിയിരുന്നു. കോളജ് വിദ്യാര്‍ഥിനിയാണ് മോഷ്ടാവെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കവര്‍ച്ച നടത്തിയ സമയത്ത് ധരിച്ചിരുന്ന യൂണിഫോം വിദ്യാര്‍ഥിനിയെ കുടുക്കി.
തീരദേശത്തെ ഒരു സ്‌കൂളിലെ യൂണിഫോം ആണിതെന്നു പോലീസ് തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി. ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു.