കൊച്ചി: പ്രായോഗിക നടപടികളില്ലാത്ത ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംസ്ഥാന ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. വിഭവസമാഹരണത്തിനുള്ള ഊര്‍ജ്ജിത നടപടികളോ, അടിസ്ഥാന ജനകീയ വിഷയങ്ങളോ സൂചിപ്പിക്കാതെ മുന്‍കാല ബജറ്റുകളിലെ പല നിര്‍ദ്ദേശങ്ങളുടെയും ആവര്‍ത്തനമാണ് 2022-23 ലെ സംസ്ഥാന ബജറ്റ്. അതേസമയം കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണത്തെയും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാളുകളായി തുടര്‍ന്നുവന്ന നയങ്ങളിലെ മാറ്റങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചത് പ്രതീക്ഷ നല്‍കുന്നു.
കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതാതെ തോട്ടഭൂമിയിലെ വിളമാറ്റകൃഷി പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ല. പഴവര്‍ഗ്ഗകൃഷികള്‍ പ്ലാന്റേഷന്റെ ഭാഗമാക്കുവാന്‍ നിലവിലുള്ള ഭൂനിയമങ്ങള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്കു വിധേയമാക്കണം. വന്യമൃഗശല്യം തടയാന്‍ വേണ്ടിയുള്ള പ്രഖ്യാപിത തുക അപര്യാപ്തമാണ്. റബര്‍ ഇന്‍സ്റ്റീവ് പദ്ധതിയില്‍ 500 കോടി അനുവദിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ റബറിന്റെ അടിസ്ഥാനവില കുറഞ്ഞത് 200 രൂപയെങ്കിലുമാക്കണം. ആഗോള ആഭ്യന്തര റബര്‍വില ഈ സാമ്പത്തിക വര്‍ഷം ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഗുണംചെയ്യില്ല. ക്ഷേമപെന്‍ഷന്‍ വിഭാഗത്തെ ബജറ്റില്‍ പാടേ അവഗണിച്ചിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ തുടരുമ്പോള്‍ ഭൂനികുതി വര്‍ദ്ധിപ്പിക്കുവാനുള്ള ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.