ബെംഗളൂരുവിൽ 16 വയസ്സുള്ള പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ആറ് ദിവസം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകൾ മയക്കമരുന്ന് ചേർത്ത ജ്യൂസ് നല്‍കി പെൺകുട്ടി ബോധാവസ്ഥയിലായപ്പോൾ എല്ലാവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
ആഗ്ര സ്വദേശി കലാവതി (52), ബന്ദേപാല്യ സ്വദേശി രാജേശ്വരി (50), ഹൊസൂരിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ കേശവമൂർത്തി (47), കോറമംഗല സ്വദേശി എസ് സത്യരാജു (43), യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്‌തതിനാണ് തയ്യൽക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ എച്ച്എസ്ആർ പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ് അറസ്റ്റിലായ രാജേശ്വരി. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് തയ്യൽ പഠിക്കാൻ കടയിൽ പോകുമായിരുന്നു. അവസരം മുതലെടുത്ത് പെൺകുട്ടിയെ ബോധരഹിതയാക്കാൻ വേണ്ടി രാജേശ്വരി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും കേശവമൂർത്തി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് സംഭവം ആരോടും പറയരുതെന്ന് രാജേശ്വരി കുട്ടിയെ ഭീഷണിപ്പെടുത്തി.
രണ്ട് ദിവസത്തിന് ശേഷം രാജേശ്വരി കുട്ടിയെ കലാവതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വച്ച് നാല് ദിവസങ്ങളിലായി നിരവധി പേർ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയവരിൽ നിന്ന് സ്ത്രീകൾ പണം കൈപ്പറ്റിയിരുന്നു.
നാല് ദിവസത്തിന് ശേഷം ഗുരുതരമായ അസുഖത്തെ തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് പീഡനവിവരം പറയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ എച്ച്എസ്ആർ ലേഔട്ട് സ്‌റ്റേഷൻ പൊലീസിൽ പരാതി നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ആറ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തു. പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.