തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നാണ് മുത്തശ്ശി സിപ്‌സിയെ പിടികൂടിയത്.
പോലീസിന്റെ പിടിയിലായതിന്റെ പിന്നാലെ തന്റെ തനത് ‘കലാപരിപാടികള്‍’ സിപ്സി പുറത്തെടുത്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പോലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ ഇവരെ ശാന്തയാക്കിയത്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്.
മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പോലീസിന് നല്‍കിയ മൊഴി. സിപ്സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുള്ളതിനാല്‍, ഇവരുടെ സുഹൃത്ത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മിനി ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം, പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത സിപ്സിയെ ഉച്ചയോടെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇവിടെവെച്ച് ഇന്‍സുലിനും എടുത്തു. തുടര്‍ന്ന് പ്രതിയെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകിട്ടോടെ കൊച്ചിയില്‍നിന്ന് വരുന്ന പോലീസ് സംഘത്തിന കൈമാറും.
അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സിപ്സി, പോലീസിന്റെ പിടിയിലായാല്‍ സ്വയം വസ്ത്രമുരിയുന്നതും അസഭ്യം പറയുന്നതും പതിവാണ്. പിടികൂടാനെത്തിയ പോലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ വനിതാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍നിന്ന് ഓടുപൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
2021 ജനുവരിയില്‍ അങ്കമാലിയില്‍വെച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ സിപ്സി ക്രൂരമായി മര്‍ദിച്ചിരുന്നു. താന്‍ സഞ്ചരിച്ച സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നടുറോഡില്‍ പരാക്രമം കാണിച്ച സിപ്സിയെ ഏറെ പണിപ്പെട്ടാണ് അങ്കമാലി പോലീസ് അന്ന് കസ്റ്റഡിയിലെടുത്തത്.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെയാണ് പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസുമായി സിപ്സി അടുപ്പത്തിലാകുന്നത്. മകനെക്കാള്‍ പ്രായം കുറവുള്ള ഇയാള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള താമസം. ഇക്കാലയളവില്‍ പല മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും സിപ്സി പ്രതിയായിട്ടുണ്ട്. സിപ്സിയുടെ മകന്‍ സജീവും പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. സംഭവത്തില്‍ സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.
സിപ്സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. ബിനോയിയും സിപ്സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്സിയെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്സി പരാതിയും നല്‍കി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്സി പലരോടും പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയി പോലീസിനോട് പറഞ്ഞിട്ടുള്ളത്.