ബംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിൽ നിരവധി പ്രമുഖർ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരാൻ പോകുന്നതായി എഎപി നേതാവ് പൃഥ്വി റെഡ്ഡി പറഞ്ഞു. നാലോ ആറോ ആഴ്ചകൾക്കുള്ളിൽ കർണാടകയിലെ നിരവധി പ്രമുഖർ പാർട്ടിയിൽ ചേരുമെന്നും, അതിനുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“എഎപിയുടെ ന്യൂഡൽഹി മോഡൽ തലസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. പഞ്ചാബ് ഫലം പുറത്തുവന്നതിന് ശേഷം ഈ സംശയങ്ങൾ നീങ്ങി. സമാനമായ മാറ്റം തീർച്ചയായും ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കർണാടകയിലും സംഭവിക്കും” റെഡ്ഡി പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പാർട്ടി എത്രയും വേഗം ഷോർട്ട്‌ലിസ്റ്റ് ചെയ്യുമെന്നും, അതിലൂടെ അവർക്ക് അതത് മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്താൻ ഒമ്പത് മുതൽ പത്ത് മാസം വരെ സമയം നൽകും.
കോൺഗ്രസ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ട് ബാങ്കാക്കി തീര്‍ക്കുന്നു, ബിജെപി ഭൂരിപക്ഷ ഹിന്ദുക്കളെ പ്രീണിപ്പിച്ച് വോട്ട് ബാങ്കായും കണക്കാക്കുന്നു. ആം ആദ്മിയാകട്ടേ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമം മുന്നില്‍ കണ്ട് സദ്ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ബംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എഎപി 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 28 സീറ്റുകളിൽ മത്സരിച്ചു. എന്നാൽ, ആകെ വോട്ടിന്റെ 0.06% വോട്ടും 0.55% സീറ്റും നേടാനായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി മത്സരിച്ചില്ല.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തോടെ, കഴിഞ്ഞ ദശകത്തിൽ ഭരണകക്ഷിയായ ബി.ജെ.പി ആധിപത്യം പുലർത്തുന്ന ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തിരഞ്ഞെടുപ്പിലും സമാനമായ സ്വാധീനം ആം ആദ്മി പ്രതീക്ഷിക്കുന്നു. ബിബിഎംപിയുടെ 243 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം മേയിൽ നടന്നേക്കും. നഗരത്തിലെ തകരുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ എഎപി സജീവ പങ്ക് വഹിച്ചിട്ടുണ്ട്.
വികസനമാണ് ഞങ്ങളുടെ അജണ്ട
“243 വാർഡുകളിൽ ഞങ്ങൾക്ക് 200-ലധികം സ്ഥാനാർത്ഥികളുണ്ട്,” കർണാടകയിലെ എഎപി വക്താവ് വിജയ് ശാസ്ത്രിമഠ് പറഞ്ഞു. “പഞ്ചാബിന്റെ ഫലങ്ങൾ സ്വാധീനിക്കും, കൂടുതൽ കൂടുതൽ ആളുകൾ ഞങ്ങളോടൊപ്പം ചേരും. ഞങ്ങളുടെ അജണ്ട വികസനമാണ്. മറ്റ് പാർട്ടികൾ സംസാരിക്കുന്നതുപോലെ അനാവശ്യ വിഷയങ്ങളിൽ ഞങ്ങൾ സംസാരിക്കാറില്ല. ജനങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാട് അംഗീകരിച്ചു കഴിഞ്ഞു. അതിന്റെ തെളിവാണ് പഞ്ചാബ്,” അദ്ദേഹം പറഞ്ഞു.