ചെന്നൈ: ഉക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി സായ് നികേഷിന് യുദ്ധം മടുത്തു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ പറയുന്നത്. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രേനിയൻ സൈന്യത്തോടൊപ്പം ചേർന്നുവെന്ന വിവരമറിഞ്ഞ തമിഴ്‌നാട് കോയമ്പത്തൂർ ഗൗണ്ടം പാളയം സ്വദേശി സായ് നികേഷാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു സായ്.
വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ സായി നികേഷ് ചേര്‍ന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യത പരിശോധനയില്‍ പരാജയപ്പെട്ടു. സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോള്‍ തന്നെ ഉക്രൈന്‍ സൈന്യത്തില്‍ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു.
യുദ്ധഭൂമിയുടെ നിരവധി ചിത്രങ്ങൾ സായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായ് നികേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സായി ഉക്രൈൻ സൈന്യത്തിൽ ചേർന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി. സായ് നികേഷിന്റെ മുറിയിൽ നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.