ന്യൂഡല്‍ഹി: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടതിന് ശേഷം അതിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നതിനും, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) ഞായറാഴ്ച യോഗം ചേരും.
നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് ശേഷം പാർട്ടിയുടെ ‘ജി-23’ ഗ്രൂപ്പിലെ നിരവധി നേതാക്കൾ വെള്ളിയാഴ്ച യോഗം ചേർന്ന് ഭാവി നടപടി ചർച്ച ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്‌നിക്കിന്റെ പേര് ഗ്രൂപ്പ് നിർദ്ദേശിച്ചെങ്കിലും പാർട്ടി ഹൈക്കമാൻഡ് ഇത് അംഗീകരിച്ചില്ലെന്നാണ് ജി-23 വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തന്നെയുമല്ല, ഹൈക്കമാൻഡിന് നേരെ രൂക്ഷ വിമര്‍ശനവും തൊടുത്തുവിട്ടു.
അതിനിടെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് തൊട്ടുമുന്‍പാണ് ഗെലോട്ട് നിലപാടു വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് ഗാന്ധി കുടുംബം അനിവാര്യമാണെന്ന കാര്യം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ലെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.
2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒന്നിച്ചാണു നിന്നത്. അതേ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ ഛന്നി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം രാഷ്ട്രീയ അന്തിരീക്ഷം മാറി. ആഭ്യന്തര കലഹം മൂലം തിരഞ്ഞെടുപ്പില്‍ തോറ്റത് പിഴവാണെന്നും അദ്ദേഹം സമ്മതിച്ചു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്.