ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായുള്ള പത്രപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ ബ്രെന്റ് റിനൗഡ് ഞായറാഴ്ച ഉക്രെയ്നിലെ വടക്ക് പടിഞ്ഞാറൻ പ്രാന്തപ്രദേശമായ കൈവിലെ ഇർപിനിൽ വെടിയേറ്റ് മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാരും ദൃക്സാക്ഷികളും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റിനൗഡിനൊപ്പം മറ്റൊരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു.
ബ്രെറ്റ് റെനൗഡ് തൽക്ഷണം മരിച്ചുവെന്നും, മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ചികിത്സിച്ചുവെന്നും ഉക്രേനിയൻ ടെറിട്ടോറിയൽ ഡിഫൻസിൽ സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവ് പറഞ്ഞു.
ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള ഒരു ഐഡി കാർഡ് ബ്രെന്റ് റെനോഡ് ധരിച്ചിരുന്നുവെങ്കിലും അദ്ദേഹം വാർത്താ ഓർഗനൈസേഷന്റെ അസൈൻമെന്റിൽ ആയിരുന്നില്ലെന്ന് എന്‍ വൈ ടി റിപ്പോർട്ട് ചെയ്തു.
“ഉക്രെയ്നിലെ ഒരു അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെന്റ് റെനൗഡിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ബ്രെന്റ് കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായിരുന്നു, പക്ഷേ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന്റെ അസൈന്മെന്റില് ആയിരുന്നില്ല,” ന്യൂയോർക്ക് ടൈംസിന്റെ ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റർ ക്ലിഫ് ലെവിയുടെ പ്രസ്താവനയിൽ പറഞ്ഞു.
ബ്രെന്റിന്റെ മരണം ഭയാനകമായ നഷ്ടമാണ്, ബ്രെന്റിനെപ്പോലുള്ള ധീരരായ മാധ്യമ പ്രവർത്തകർ ദൃക്സാക്ഷി വിവരണം നല്‍കാനും ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം മൂലമുണ്ടായ നാശത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് ലോകത്തെ അറിയിക്കാനും വളരെയധികം റിസ്ക് എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം തുടരുകയാണ്. റഷ്യൻ സൈന്യം ഉക്രേനിയൻ തലസ്ഥാനമായ കീവിനോട് അടുക്കുമ്പോൾ, ഓരോ ദിവസവും ആളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത് അഭയാർത്ഥി പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഉക്രെയ്നിന്റെ അയൽരാജ്യങ്ങളെയാണ് അത് ബാധിക്കുന്നത്. ഇതുവരെ, സംഘർഷം ഏകദേശം 2.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.