കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗള്‍ഫ് മലയാളിയെ പോലീസ് അറസ്റ്റു ചെതു. പാലക്കാട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ 24-കാരനായ അബൂബക്കര്‍ സിദ്ദിഖിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്.
ഗള്‍ഫിലായിരുന്ന സിദ്ധിഖ് സമൂഹ മാധ്യമങ്ങളിലൂടെയാണ് കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ മാസം 12ന് കാണാതായ പെണ്‍കുട്ടിയെ ഒരു മാസത്തോളമായി തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഒറ്റമുറി വീട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിദ്ദിഖ് അവിടെ തന്നെ കാത്തുനിന്നിരുന്ന പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.
തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശമായ തിരുപ്പൂരിലെത്തിയാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷിച്ചശേഷം യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടിയെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍നിന്ന് എത്തിയ അബൂബക്കര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രതിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ബന്ധുവീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെയും സമീപിച്ചു.