ഉക്രേനിയൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. മോസ്കോയുമായി ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഉക്രെയ്നും രംഗത്ത്.
റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ചർച്ചകളിൽ ഇടപെടണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്. “ഉക്രേനിയൻ സർക്കാർ സഹായകരമാകുമെന്ന് വിശ്വസിക്കുന്ന നയതന്ത്ര നടപടികളുണ്ടെങ്കിൽ, അവ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്,” വക്താവ് പറഞ്ഞു.
ഉക്രെയ്‌നിലെ സൈനിക നടപടികൾക്ക് മറുപടിയായി ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക, ബാങ്കിംഗ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയിൽ ബിസിനസ് ചെയ്യാനുള്ള റഷ്യയുടെ കഴിവിനെ ഉപരോധം പരിമിതപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
റഷ്യയുടെ “ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം” എന്ന വ്യാപാര പദവി റദ്ദാക്കാൻ യുഎസ് കോൺഗ്രസുമായും മറ്റ് ഗ്രൂപ്പ് ഓഫ് സെവൻ (ജി -7) രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഉപരോധങ്ങൾക്കുള്ള മറ്റൊരു ബദൽ “മൂന്നാം ലോക മഹായുദ്ധം” ആരംഭിക്കുക മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഉക്രെയ്നിൽ പറക്ക നിരോധന മേഖല ഏർപ്പെടുത്താനുള്ള ഏതൊരു ശ്രമവും ലോകത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രണ്ടാഴ്ചയിലേറെ മുമ്പ് റഷ്യയുടെ സൈനിക നടപടി ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ കീഴടങ്ങില്ലെന്നും ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ശനിയാഴ്ച പറഞ്ഞു.