വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍ നടപടികളെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവാന്‍ ആണ് ചൈനയ്ക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച റോമില്‍ ചൈനയുടെ നയതന്ത്ര പ്രതിനിധി യാങ് യിച്ചിയെ സന്ദര്‍ശിക്കാനിരിക്കെ, അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന് ചൈന റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് സുള്ളിവാന്‍ പറഞ്ഞു.
യുക്രെയ്‌നെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിട്ടിരുന്നത് ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും, എന്നാല്‍ ഏതറ്റംവരെ പോകുമെന്ന് അറിയില്ലെന്നും സുള്ളിവന്‍ ചൂണ്ടിക്കാട്ടി. ചൈന എങ്ങനെയാണ് റഷ്യയെ സാമ്പത്തികമായി സഹായിക്കുക എന്നത് വൈറ്റ് ഹൗസ് സുസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഈ വിഷയത്തെക്കുറിച്ച് ബീജിംഗുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കാന്‍ ‘ലൈഫ് ലൈന്‍’ എന്ന ചൈനീസ് പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാറ്റോയും, ഐക്യരാഷ്ട്ര സഭയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുദ്ധം തുടരുന്ന റഷ്യ യുക്രെയ്‌നെതിരേ ഓരോ ദിവസവും ആക്രമണം ശക്തിപ്പെടുത്തുകയാണ്. ആയിരിക്കണക്കിന് നിരപരാധികളായ യുക്രെയ്ന്‍ ജനതയുടെ ജീവനാണ് യുദ്ധത്തിലൂടെ നഷ്ടമാകുന്നത്.