തിരുവനന്തപുരം: തിരുവല്ലം പൊലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സാധ്യത. ഇതു സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കുമെന്ന് സൂചന. എന്നാൽ, സുരേഷിനൊപ്പം അറസ്റ്റിലായ നാലു പ്രതികളുടെ മൊഴിയിൽ പൊലീസ് മർദനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ച മുമ്പ് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുരേഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കേറ്റ പാടുകള്‍ മരണകാരണമായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഹൃദയസ്തംഭനത്തിന് പരിക്ക് ഇടയാക്കിയിരിക്കാമെന്ന സംശയം ഡോക്ടര്‍മാര്‍ക്കുണ്ട്.
ദമ്പതികളെ ആക്രമിച്ച കേസിലായിരുന്നു സുരേഷിനെയും നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിമരണങ്ങള്‍ സിബിഐക്ക് വിടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ രീതിയില്‍ സുപ്രീംകോടതിയുടെ ചില ഉത്തരവുകളുമുണ്ട്.