കൊച്ചി: നമ്പര്‍ 18 പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ അന്വേഷണ സംഘത്തിന് മുന്‍പിലെത്തി കീഴടങ്ങി. ദിവസങ്ങളായി സൈജുവിനായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുകയും ചെയ്തു. ഇയാൾ എറണാകുളത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്. യുവതിയെയും മകളെയും സൈജു ഹോട്ടലിലെത്തിച്ചുവെന്നും ഇയാളും ഇവരോട് മോശമായി പെരുമാറിയെന്നും മൊഴിയുണ്ട്. പ്രതികളെല്ലാം ഒളിവിലായിരുന്നു.
ഇന്നലെ വൈകിട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റൊരു പ്രതി അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബുധനാഴ്ച എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടിസ് കൈമാറിയത്.